‘ഇഡിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരം’; അരവിന്ദാക്ഷന്റെ അറസ്റ്റില്‍ എംവി ഗോവിന്ദന്‍

0
66

തൃശൂര്‍: ഇഡിക്കെതിരെ പ്രതികരിച്ചതിന്റെ പ്രതികാരമായിട്ടാണ് പിആര്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മര്‍ദനത്തിനും ഭീഷണിക്കുമെതിരെ പൊലീസില്‍ പരാതിപ്പെട്ടതിന്റെ പ്രതികാരമാണ് ഈ നടപടിയെന്നും  ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

‘നിരവധി തവണ ചോദ്യം ചെയ്ത വിട്ടയച്ചതാണ്. ശക്തിയായി ഭീഷണിപ്പെടുത്തിയ ശേഷം  അവര്‍ ആവശ്യപ്പെട്ട മൊഴി നല്‍കിയില്ല. എസി മൊയ്തീന്‍ പണം ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്നത് കണ്ട് എന്നു പറയാന്‍ ആവശ്യപ്പെട്ടു. അതിന് തയ്യാറാകാതെ വന്നപ്പോള്‍ അരവിന്ദാക്ഷനെ മര്‍ദിച്ചു. അക്കാര്യം പുറത്ത് പറഞ്ഞതിനും പൊലീസില്‍ പരാതി നല്‍കിയതിനും ഇഡി അരവിന്ദാക്ഷനെ വേട്ടയാടുകയാണ്’ – ഗോവിന്ദന്‍ പറഞ്ഞു. 

‘കേന്ദ്ര ഏജന്‍സി എന്ന രീതിയില്‍ പാര്‍ട്ടിയിലേക്ക് എത്താന്‍ വേണ്ടി ആരെയൊക്കെയാണോ അവര്‍ക്ക് ആവശ്യമുണ്ടാകുക അവരെ എല്ലാ എത്തിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഒരു ന്യായമായ സമീപനവുമല്ല. തികച്ചും തെറ്റായ നിലപാടാണ് സ്വീകരിക്കുന്നത്. സഹകരണമേഖലയെ തകര്‍ക്കുന്നതിനുവേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമം ഏജന്‍സിയെ ഉപയോഗിച്ച് നടത്തുകയാണ്. അതിന് വഴങ്ങാന്‍ പാര്‍ട്ടിക്ക് മനസില്ല’ – ഗോവിന്ദന്‍ പറഞ്ഞു. 

പിആര്‍ അരവിന്ദാക്ഷന്‍ അറസ്റ്റില്‍
 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. അരവിന്ദാക്ഷനെ ഇഡി ഏഴ് ദിവസം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ, ഇഡി ഓഫീസര്‍മാര്‍ തന്നെ മര്‍ദിച്ചു എന്നാരോപിച്ച് അരവിന്ദാക്ഷന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമാണ്. വടക്കാഞ്ചേരിയിലെ വീട്ടില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രധാന പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന് അടുത്ത ബന്ധമുണ്ട്.

സതീഷ് കുമാറും അരവിന്ദാക്ഷനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി പരിശോധിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് സതീഷ് കുമാര്‍ മൂന്നു ബാഗുകളിലായി മൂന്നു കോടി രൂപ കൊണ്ടുപോയത് അരവിന്ദാക്ഷന്റെ സാന്നിധ്യത്തിലാണെന്ന് മൊഴിയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് സതീഷ് കുമാര്‍, പിബി കിരണ്‍ എന്നിവരെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.