ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ആർ.ശ്രീകണ്ഠൻ നായർക്ക്

0
53

 എൻസിപി മുൻ സംസ്ഥാന പ്രസിഡൻറ് അന്തരിച്ച ഉഴവൂർ വിജയന്റെ പേരിൽ ദൃശ്യ മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്കായി ഏർപ്പെടുത്തിയ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ഫ്ലവേഴ്സ് ചാനൽ മാനേജിംഗ് ഡയറക്ടറും  റ്റ്വന്റി ഫോർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠൻ നായർക്ക്.

സാഹിത്യകാരൻ ജോർജ് ഓണക്കൂർ ചെയർമാനും, നോവലിസ്റ്റ് കെ. എൽ. മോഹനവർമ്മ, കാലടി സംസ്കൃത സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്കാര  ജേതാവിനെ തെരഞ്ഞെടുത്തത്.

കാൽ ലക്ഷം രൂപ ക്യാഷ് അവാർഡും , ഫലകവും
പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം.

ഈ മാസം 23 ന് വെള്ളിയാഴ്ച വൈകുന്നേരം 4 ന് കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ എൻസിപി ജില്ലാ പ്രസിഡന്റ് എസ് ഡി സുരേഷ്  ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനം എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യും.
സഹകരണ മന്ത്രി  വി.എൻ. വാസവൻ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ശ്രീകണ്ഠൻ നായർക്ക് സമ്മാനിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന യോഗത്തിൽ, തോമസ് കെ.തോമസ്.എംഎൽഎ, എൻ.സി.പി. ജനറൽ സെക്രട്ടറി കെ.ആർ. രാജൻ .എൻ.സി.പി. വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, എൻ.സി.പി. ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ടി.വി. ബേബി എന്നിവർ പ്രസംഗിക്കും.