ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തില്‍ ഇന്ത്യക്ക് ഒരു വെള്ളി മെഡല്‍ കൂടി. പെണ്‍കുട്ടികളുടെ സെയ്‌ലിങില്‍ (പായ്ക്കപ്പലോട്ടം) ഇന്ത്യയുടെ നേഹ ഠാക്കൂറാണ് വെള്ളി സ്വന്തമാക്കിയത്. ഡിങ്കി ഐഎല്‍സിഎ ഫോര്‍ വിഭാഗത്തിലാണ് നേഹയുടെ നേട്ടം.
തായ്‌ലന്‍ഡിന്റെ നൊപ്പാസോന്‍ ഖുന്‍ബൂന്‍ജനാണ് സ്വര്‍ണം. സിംഗപ്പുരിന്റെ കെയ്‌ര മേരി കാര്‍ലില്‍ വെങ്കലം നേടി.
11 റൗണ്ടുകളുള്ള പോരാട്ടത്തില്‍ നെറ്റ് പോയിന്റ് നിര്‍ണായകമാണ്. ഒരോ റൗണ്ടിലും നേടുന്ന പോയിന്റുകളും നിര്‍ണായകം. മത്സരത്തില്‍ മൊത്തം 32 പോയിന്റുകളാണ് നേഹ നേടിയത്. 27 നെറ്റ് പോയിന്റുകള്‍. അഞ്ചാം റൗണ്ടില്‍ താരത്തിനു അഞ്ച് പോയിന്റുകള്‍ മാത്രമാണ് നേടാനായത്. ഈ പ്രകടനമാണ് നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം നഷ്ടമാക്കിയത്.
ഗെയിംസില്‍ ഇന്ത്യയുടെ നാലാം വെള്ളി മെഡല്‍ നേട്ടമാണിത്. രണ്ട് സ്വര്‍ണം, നാല് വെള്ളി, ആറ് വെങ്കലവുമായി മൊത്തം 12 മെഡലുകള്‍ ഇന്ത്യ ഇതുവരെ നേടി.