ഓസീസിന് ആശ്വാസ വിജയം; ഇന്ത്യക്ക് 66 റണ്‍സിന്റെ തോല്‍വി

0
44

രാജ്കോട്ട്: ഇന്ത്യയ്ക്കെതിരായ ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആശ്വാസജയം നേടി ഓസ്ട്രേലിയ. 66 റണ്‍സിനാണ് ഓസീസിന്റെ ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 353 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 286 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റുകള്‍ നേടിയ ഗ്ലെന്‍ മാക്സ് വെല്ലാണ് ഓസീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.

ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മ്മ വെടിക്കെട്ടോടെ തുടങ്ങിയെങ്കിലും ഓപ്പണറുടെ റോളിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ നിരാശപ്പെടുത്തി. 30 പന്തില്‍ നിന്ന് 18 റണ്‍സാണ് താരം നേടിയത്. എന്നാല്‍ കോഹ്ലിയും രോഹിത്തും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. ടീം സ്‌കോര്‍ 144ല്‍ നില്‍ക്കേ 81 റണ്‍സെടുത്ത രോഹിത്തിനെ മാക്സ് വെല്‍ പുറത്താക്കി. അര്‍ധസെഞ്ച്വറി തികച്ച കോഹ്ലിയും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. ആദ്യ മൂന്ന് വിക്കറ്റുകളും പിഴുതെടുത്തത് ഗ്ലെന്‍ മാക്സ്വെല്ലാണ്.

എന്നാല്‍ പിന്നീടിറങ്ങിയ കെഎല്‍ രാഹുലും ശ്രേയസ്സ് അയ്യരും കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ കൈവന്നു. ടീം സ്‌കോര്‍ 223ല്‍ നില്‍ക്കേ രാഹുലിനെ(26) സ്റ്റാര്‍ക്ക് കൂടാരം കയറ്റി. ശ്രേയസ്സ് അയ്യരുടെ വിക്കറ്റും സ്വന്തമാക്കി മാക്സ് വെല്‍ തിളങ്ങിയതോടെ ഓസീസ് മത്സരം പിടിമുറുക്കി. 8 റണ്‍സ് മാത്രമെടുത്ത സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. കുല്‍ദീപ് യാദവ് (2), ജസ്പ്രീത് ബുംറ(5) എന്നിവരും വേഗം മടങ്ങി. രവീന്ദ്ര ജഡേജ പൊരുതിനോക്കിയെങ്കിലും 35 റണ്‍സെടുത്ത താരത്തെ പുറത്താക്കി തന്‍വീര്‍ സങ്ക തിരിച്ചടിച്ചു. ഒടുവില്‍ 49.4 ഓവറില്‍ 286 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി.

ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് എടുത്തു. ഓസ്ട്രേലിയക്കായി മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.

ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് വെടിക്കെട്ട് പ്രകടനത്തിന് തുടക്കം കുറിച്ചത്. 34 പന്തുകളില്‍ നിന്ന് 56 റണ്‍സ് എടുത്ത ശേഷമാണ് വാര്‍ണര്‍ മടങ്ങിയത്. ആറ് തവണ സിക്‌സര്‍ പറത്തിയ വാര്‍ണര്‍ നാലുതവണ ബൗണ്ടറി പായിക്കുകയും ചെയ്തു. തകര്‍ത്തടിച്ച വാര്‍ണറെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. വാര്‍ണറുടെ കൂട്ടായി എത്തിയ മിച്ചല്‍ മാര്‍ഷ് തകര്‍പ്പന്‍ അടിതുടങ്ങിയതോടെയാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നത്. 84 പന്തുകളില്‍ നിന്ന് 96 റണ്‍സ് നേടിയ മാര്‍ഷ് സെഞ്ച്വറിക്കടുത്തെത്തി നില്‍ക്കെയാണ് പുറത്തായത്. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്. ഇതിനിടെ മൂന്ന് തവണ സിക്‌സര്‍ പറത്തിയ മാര്‍ഷ് പതിമൂന്ന് ഫോറുകളും അടിച്ചു.

വാര്‍ണര്‍ക്ക് പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്തും ഉജ്ജ്വല ഫോമിലായിരുന്നു. മത്സരത്തില്‍ സ്മിത്തും അര്‍ധ സെഞ്ച്വറി നേടി.61 പന്തില്‍ 74 റണ്‍സെടുത്ത സ്മിത്തിനെ വീഴ്ത്തിയ സിറാജാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. പിന്നാലെ അലക്സ് ക്യാരിയെ(11)യും ഗ്ലെന്‍ മാക്സ് വെല്ലിനെയും(5) ബുമ്ര വീഴ്ത്തിയതോടെ 400 കടക്കാമെന്ന ഓസീസ് പ്രതീക്ഷ മങ്ങി. 43-ാം ഓവറില്‍ 300 കടന്ന ഓസീസ് അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനായില്ല.

അവസാന ഏഴോവറില്‍ 50 റണ്‍സ് നേടിയ ഓസീസിനായി മാര്‍നസ് ലാബുഷെയ്ന്‍(58 പന്തില്‍ 72) ബാറ്റിംഗില്‍ തിളങ്ങി. ഇന്ത്യക്കായി ബുമ്ര 10 ഓവറില്‍ 81 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് 6 ഓവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ആദ്യ അഞ്ചോവറില്‍ ബുമ്ര 51 റണ്‍സ് വഴങ്ങിയപ്പോള്‍ അവസാന അഞ്ചോേവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.