‘കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ വച്ചത് സുഹൃത്ത്’; കുടുക്കിയതെന്ന് റോബിന്‍

0
42

കോട്ടയം: കഞ്ചാവ് കേസില്‍ തന്നെ കുടുക്കിയതാണെന്ന് നായ സംരക്ഷണത്തിന്റെ മറവില്‍ കഞ്ചാവുകച്ചവടം നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റിലായ റോബിന്‍ ജോര്‍ജ്. സുഹൃത്താണ് കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ കൊണ്ടു വച്ചത്. ബാഗിനുള്ളില്‍ കഞ്ചാവാണെന്ന് അറിയില്ലായിരുന്നുവെന്നും റോബിന്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. 

സുഹൃത്ത് എവിടെയുണ്ടെന്ന് ഇപ്പോള്‍ അറിയില്ല. അയാള്‍ ഒളിവിലാണ്. കടുവാക്കളം പൂവന്തുരുത്തുകാരനാണെന്നും റോബിന്‍ പറഞ്ഞു. കോട്ടയം കുമരനെല്ലൂരിലുള്ള ഡോഗ്ഹൗസില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് റോബിന്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 

അഞ്ചുദിവസത്തെ തിരച്ചിലിനൊടുവില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് റോബിന്‍ ജോര്‍ജിനെ പൊലീസ് പിടികൂടിയത്. തെങ്കാശിയിലെ ഒരു കോളനിയിലാണ് റോബിൻ ഒളിവിൽ താമസിച്ചിരുന്നത്. പരിചയമുള്ള തട്ടുകടക്കാരനാണ് റോബിന് താമസിക്കാന്‍ സൗകര്യം ഒരുക്കിയത് എന്നും പൊലീസ് സൂചിപ്പിച്ചു.   

പിതാവിനെ ചോദ്യം ചെയ്തിലൂടെയാണ് റോബിന്‍ എവിടെയാണെന്നുള്ള വിവരം പൊലീസിന് കിട്ടിയത്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നാല് സംഘമായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയിരുന്നത്. രണ്ട് തവണയാണ് റോബിൻ ജോർജ് പൊലീസിന്റെ കണ്‍മുന്നില്‍ നിന്നും രക്ഷപ്പെട്ടത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ചയാണ് കുമാരനെല്ലൂരിലെ പ്രതി നടത്തുന്ന ഡോഗ് ഹോസ്റ്റലില്‍ പൊലീസ് പരിശോധന നടത്തുന്നത്. ഇവിടെ നിന്നും 18 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ഇയാളുടെ വീട്ടില്‍ 13 ഇനം വമ്പന്‍ വിദേശനായകളാണ് ഉണ്ടായിരുന്നത്. പൊലീസും എക്സൈസും എത്തിയാല്‍ ആക്രമിക്കാന്‍ നായ്ക്കളെ പ്രത്യേകം പരിശീലിപ്പിച്ചിരുന്നുവെന്ന് കോട്ടയം എസ്പി വ്യക്തമാക്കിയിരുന്നു.