കൊച്ചി: എഴുത്തുകാരനും പ്രവാസി വ്യവസായിയും സംവിധായകനുമായ സജിൻ ലാലിൻ്റെ നേതൃത്വത്തിലുള്ള ആപ്പിൾ ട്രീ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനവും കമ്പിനി ലോഞ്ചിങും കൊച്ചിയില്‍ നടന്നു. പ്രശസ്ത ചലച്ചിത്ര നിർമാതാവും പ്രൊജക്ട് ഡിസൈനറുമായ എൻ.എം ബാദുഷ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ അഡ്വക്കറ്റ് ജനറൽ കെ.പി ജയചന്ദ്രൻ ആണ് നിർമ്മാണ കമ്പനിയുടെ ലോഗോ പ്രകാശനം നിർവഹിച്ചത്. സംവിധായകന്‍ സജിൻ ലാൽ കഥ, തിരക്കഥ സംവിധാനം നിര്‍വ്വഹിക്കുന്ന “ഗ്യാങ്സ് ഓഫ് ഫൂലാൻ” എന്ന ചിത്രമാണ് ചടങ്ങില്‍ പ്രഖ്യാപിച്ചത്. മുൻപ് സജിൻ ലാലിൻ്റെ സംവിധാനത്തിലുള്ള മലയാള ഭാഷ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ ചരിത്രം പറയുന്ന ചിത്രവും പ്രഖ്യാപിച്ചിരുന്നു. ഗാന രചയിതാവ് രാജീവ് ആലുങ്കൽ ആദ്യമായി സംഗീത സംവിധായകൻ്റെ മേലങ്കിയണിയുന്ന ചിത്രവും കൂടിയാണിത്.
ദുബായിലെ പത്തോളം വരുന്ന പ്രവാസി വ്യവസായികളുടെ കൂട്ടായ്മയാണ് “ആപ്പിൾട്രീ സിനിമാസ്” എന്ന നിർമാണ കമ്പനിക്ക് പിന്നിൽ. കൊച്ചി വൈ.എം.സി.എ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം അന്ന രേഷ്മ രാജൻ, ഹിമ ശങ്കർ, സംവിധായകൻ ഫാസിൽ കാട്ടുങ്കൽ, ജയകൃഷ്ണൻ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാർഡ്, ബി.വി അരുൺകുമാർ തുടങ്ങിയവരും രാഷ്ട്രീയ സാമൂഹിക ബിസിനസ്സ് രംഗത്തെ പ്രമുഖ വ്യക്തികളും ചലച്ചിത്ര പ്രവർത്തകരും സാങ്കേതിക പ്രവര്‍ത്തരും പങ്കെടുത്തു. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
പി.ആര്‍.ഒ- പി.ശിവപ്രസാദ്,ബി.വി.അരുണ്‍കുമാര്‍, സുനിത സുനില്‍