ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്നാലേ ബി ജെ പി യെ അധികാരത്തില്‍ നിന്ന് അകത്താന്‍ സാധിക്കുകയുള്ളൂ. ഇന്ത്യ സഖ്യത്തിന് ക്ഷീണമുണ്ടാകരുതെന്നും കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇന്ത്യ സഖ്യത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെങ്കിലും ഏകോപന സമിതിയടക്കം സമിതികളിലേക്ക് അംഗങ്ങളെ അയക്കേണ്ടെന്നായിരുന്നു പിബി നിലപാട്. ഇത് യോഗത്തില്‍ വിശദീകരിച്ചു.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കുമെന്നാണ് കേന്ദ്ര കമ്മിറ്റി യോഗത്തിലെ വിലയിരുത്തല്‍. ഇതില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസുമായി സഹകരിച്ചോ സഖ്യത്തിലോ മത്സരിക്കാനുള്ള ശ്രമം ഇടത് പാര്‍ട്ടികള്‍ നടത്തുന്നുണ്ട്. തെലങ്കാനയില്‍ വലിയ വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട് കോണ്‍ഗ്രസ്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിര്‍ത്താനും മധ്യപ്രദേശില്‍ അധികാരം മികച്ച ഭൂരിപക്ഷത്തോടെ നേടാനുമാണ് കോണ്‍ഗ്രസിന്റെ ശ്രമം.
അതേസമയം കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റുന്നതിനായാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യ സഖ്യം രൂപീകരിച്ചത്. ജെഡിയു, ആര്‍ജെഡി, ആം ആദ്മി പാര്‍ട്ടി, എന്‍സിപി, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, സിപിഐ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. ഇവര്‍ക്കെല്ലാം ഇന്ത്യാ സഖ്യത്തിന്റെ ഏകോപന സമിതിയില്‍ അംഗങ്ങളുമുണ്ട്. എന്നാല്‍ സിപിഎം ഏകോപന സമിതിയിലേക്ക് അംഗത്തെ നിര്‍ദ്ദേശിക്കാന്‍ താത്പര്യമില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. പിബി യോഗമാണ് ഈ കാര്യം തീരുമാനിച്ചത്. തീരുമാനങ്ങളെല്ലാം എടുക്കുന്നത് ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ ഉന്നത നേതാക്കളാണെന്നും സമിതികളില്‍ കാര്യമില്ലെന്നുമായിരുന്നു ഇതിന് ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്.