കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ നായ വളര്‍ത്തൽ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയ കേസിൽ പ്രതി റോബിന്‍ ജോര്‍ജ് അറസ്റ്റില്‍. അഞ്ച് ദിവസത്തെ തെരച്ചിലിനൊടുവിൽ തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
പിതാവിനെ ചോദ്യം ചെയ്തിലൂടെയാണ് റോബിന്‍ എവിടെയാണെന്നുള്ള വിവരം പൊലീസിന് കിട്ടിയത്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നാല് സംഘമായി തിരിഞ്ഞായിരുന്നു അന്വേഷണം. രണ്ട് തവണയാണ് പ്രതി പൊലീസിന്റെ കണ്‍മുന്നില്‍ നിന്നും രക്ഷപ്പെട്ടത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ചയായിരുന്നു കുമാരനെല്ലൂരുള്ള പ്രതി നടത്തുന്ന ഡോഗ് ഹോസ്റ്റലില്‍ പൊലീസ് പരിശോധന നടത്തുന്നത്. ഇവിടെ നിന്നും 18 കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ വീട്ടില്‍ 13 ഇനം വമ്പന്‍ വിദേശനായകളാണ് ഉണ്ടായിരുന്നത്. പൊലീസും എക്സൈസും എത്തിയാല്‍ ആക്രമിക്കാന്‍ നായ്ക്കളെ പ്രത്യേകം പരിശീലിപ്പിച്ചിരുന്നു.