ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൻ്റെ നവീകരിച്ച ഓഫീസ് പ്രവർത്തനസജ്ജമായി

0
71

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൻ്റെ നവീകരിച്ച ഓഫീസ് പ്രവർത്തനസജ്ജമായി. 15 ലക്ഷം രൂപയാണ് നവീകരണത്തിനായി ചെലവഴിച്ചത്. ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിലാണ് കഴിഞ്ഞ 5 വർഷങ്ങളായി നടന്നു വരുന്നത്. ഈ നയത്തിൻ്റെ ഭാഗമായി നിരവധി പദ്ധതികളാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി ആരംഭിച്ചത്. 2008-ലാണ് പൊതുഭരണ വകുപ്പിന്‍റെ ഭാഗമായി പ്രത്യേകമായി ഒരു ന്യൂനപക്ഷ സെല്‍ രൂപീകരിച്ചത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത്ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്കായുള്ള ഇമ്പിച്ചിബാവ ഭവനപദ്ധതിയിലെ തുക ലൈഫ് മിഷന്‍റേതിനു സമാനമായി നാലു ലക്ഷമായി വര്‍ധിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നതിക്കായി പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള മിടുക്കരായ കുട്ടികള്‍ക്ക് ജോസഫ് മുണ്ടശ്ശേരിയുടെ പേരിലുള്ള സ്കോളര്‍ഷിപ്പ് നല്‍കി വരുന്നു. അതോടൊപ്പം തന്നെ സാങ്കേതിക മേഖലയില്‍ മികവ് തെളിയിക്കുന്ന കുട്ടികള്‍ക്കായി എ പി ജെ അബ്ദുള്‍കലാം സ്കോളര്‍ഷിപ്പുകളും നൽകുന്നുണ്ട്. സാങ്കേതിക മേഖലയില്‍ പഠനം നടത്താന്‍ എന്‍റോൾ ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഈ സ്കോളര്‍ഷിപ്പിന്‍റെ മുപ്പതു ശതമാനം പെണ്‍കുട്ടികള്‍ക്കുവേണ്ടി നീക്കിവച്ചിരിക്കുകയാണ്. നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് മദര്‍ തെരേസയുടെ പേരിലുള്ള സ്കോളര്‍ഷിപ്പും സമ്മാനിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുടര്‍പഠനത്തിന് അവസരമൊരുക്കുന്ന സി സി എം വൈകള്‍ (കോച്ചിംഗ് സെന്‍റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്) നവീകരിക്കുകയും ഫാക്കല്‍ട്ടികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തത് ഈ കാലത്താണ്. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി ലഭിക്കുന്നതിനുള്ള കോംപിറ്റന്‍റ് അതോറിറ്റിയെ നിശ്ചയിച്ചത് ഒരുപാട് സ്ഥാപനങ്ങള്‍ക്ക് ഗുണകരമായി. ഇത്തരം നിരവധി സ്ഥാപനങ്ങള്‍ക്ക് വര്‍ഷങ്ങളായി കേന്ദ്രത്തില്‍ നിന്നു ന്യൂനപക്ഷ പദവി ലഭ്യമാകാതിരുന്ന സന്ദര്‍ഭത്തിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ സക്രിയമായ ഇടപെടല്‍ ഉണ്ടായത്. ഇതിനൊക്കെ പുറമെ, 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ന്യൂനപക്ഷ ക്ഷേമം മുന്‍നിര്‍ത്തി പുതിയ 3 പദ്ധതികള്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് യു.ജി.സി, സി.എസ്.ഐ.ആര്‍, നെറ്റ് കോച്ചിംഗ് നല്‍കുകയും വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥി കള്‍ക്ക് 10 ലക്ഷം രൂപാ വീതം സ്കോളര്‍ഷിപ്പ് നല്‍കുകയും ചെയ്യും. സി.സി.എം.വൈ പൊന്നാനി കോച്ചിംഗ് സെന്‍ററിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനു വേണ്ടി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ജനസംഖ്യാടിസ്ഥാനത്തില്‍ പരിഗണിക്കുന്നതിനായി ബജറ്റ് വിഹിതത്തിന് പുറമെ 6.2 കോടി രൂപ അധികമായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.