പത്താം വാർഷികം ആഘോഷിച്ച് ഡാം 999, ഓർമ്മകൾക്ക് കൈവള ചാർത്തി അണിയറ പ്രവർത്തകർ

0
69

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ, ആ വിവാദം അണപൊട്ടിയൊഴുക്കിയ ഒരു ചിത്രത്തിനും പത്ത് വയസ്സ് തികയുകയാണ്. വിവാദങ്ങളെ തുടർന്ന് ഇന്ത്യൻ പാർലമെന്റിൽ പോലും പ്രക്ഷുബ്ധ രംഗങ്ങൾക്ക് വഴിയൊരുക്കിയ ഡാം 999 എന്ന ചലച്ചിത്രമാണ് ഇപ്പോൾ പത്താം വാർഷികം ആഘോഷിക്കുന്നത്.  വാരാന്ത്യങ്ങളിൽ ഒരുക്കുന്ന വെബിനാറുകളിലൂടെ  ഈ ചിത്രത്തിന്റെ  ചിത്രീകരണവേളയിലെ അവിസ്മരണീയാനുഭവങ്ങൾ പുതുക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.
 സുപ്രസിദ്ധ ഹോളിവുഡ് താരം ജോഷ്വാ ഫ്രെഡ്റിക്ക് സ്മിത്ത്, പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ, പത്മശ്രീ പുരസ്കാരം ലഭിച്ച പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ തോട്ടത്തരണി, ചിത്രത്തിന്റെ ക്യാമറാവിഭാഗം കൈകാര്യം ചെയ്ത പ്രശസ്ത സിനിമാട്ടോഗ്രാഫർ അജയൻ വിൻസെന്റ്,പ്രശസ്ത മേക്കപ്പ് വിദഗ്ധൻ  പട്ടണം റഷീദ് എന്നിവരാണ്  ചിത്രത്തിന്റെ സംവിധായകൻ സോഹൻ റോയിയുമായി  അനുഭവങ്ങൾ പങ്കുവയ്ക്കാൻ ഇതുവരെ എത്തിച്ചേർന്നത്. ജൂൺ അവസാനവാരം ആരംഭിച്ച ‘ആനിവേഴ്‌സറി സെലിബെറേഷൻസ്’ നവംബർ അവസാനവാരം സമാപിക്കും. 
‘ഒൻപത് ‘ എന്ന അക്കത്തിന് വളരെയധികം പ്രാധാന്യമുള്ള സിനിമയാണ് ഡാം 999. ഒൻപത് പ്രധാന കഥാപാത്രങ്ങൾ, ഒൻപത് ലൊക്കേഷനുകൾ, ഒൻപത് രസങ്ങൾ, ഒൻപത് പാട്ടുകൾ. നഷ്ടപ്രണയത്തിന്റെ ഒൻപത് ഭാവങ്ങൾ, ഒൻപത് ഫിലിം ഇൻഡസ്ട്രികളിൽ നിന്നുള്ള ദേശീയ പുരസ്‌കാര ജേതാക്കൾ, ഒൻപത് ഗ്രഹങ്ങളുടെ സ്ഥാനത്തിനനുസരണമായി നീങ്ങുന്ന കഥാഗതി, ഒൻപത് ചികിത്സാ രീതികളിലുള്ള ആയുർവ്വേദ ചികിത്സാവിധികളുടെ ചിത്രീകരണം, ഇതെല്ലാത്തിനുമുപരിയായി ഒൻപത് രീതികളിൽ ആസ്വദിക്കാവുന്ന കഥാതന്തു, എന്നിങ്ങനെയുള്ള ഒൻപത് പ്രത്യേകതകളാണ് ഈ സിനിമയ്ക്കുള്ളത്. സിനിമയുടെ ഈ പ്രത്യേകത കണക്കിലെടുത്ത്, ഒൻപത് തീമുകളിലാണ് ഈ ആനിവേഴ്സറിയും അണിയറ പ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്. വെബിനാറുകൾ, ചിത്രീകരണ വിശേഷങ്ങൾ അടങ്ങിയ ചെറു വീഡിയോകൾ, ഗാനങ്ങളുടെ പുതിയ പതിപ്പുകളുടെ റിലീസുകൾ തുടങ്ങിയ നിരവധി പരിപാടികളും ആനിവേഴ്സറിയുടെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിയ്ക്കും.
‘ ഒരു മുഖ്യധാര ചിത്രം എന്ന നിലയിൽ  ഓസ്‌കാറിന്റെ മത്സരപ്പട്ടികയിൽ നേരിട്ട് ഇടം പിടിച്ച ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ്  ഡാം 999. കൂടാതെ സംവിധായകൻസോഹൻ റോയ് തന്നെ രചിച്ച ഇതിന്റെ തിരക്കഥ, ഓസ്കാർ അക്കാദമി ലൈബ്രറിയിലെ (Academy of Motiion Picture Arts and Sciences ) ‘പെർമെനന്റ് കോർ കളക്ഷനിലേക്ക് ‘ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
മറ്റു നിരവധി പ്രത്യേകതകളും ‘ഡാം 999 ‘ ന് ഉണ്ട്.  പതിനാറ് ദേശീയ പുരസ്കാര ജേതാക്കൾ അണിനിരന്ന സിനിമ, 2D യിൽ നിന്ന് 3D യിലേക്കുള്ള ‘കൺവേർഷൻ ടെക്നോളജി’ പ്രവർത്തികമാക്കിയ ആദ്യ ഇന്ത്യൻ സിനിമ, ഒരേസമയം അഞ്ച് ഭാഷകളിൽ ലോകവ്യാപകമായി റിലീസ് ചെയ്ത സിനിമ, അന്നുവരെ ലോകസിനിമകളിൽ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കപ്പലിൽ ചിത്രീകരിക്കപ്പെട്ട സിനിമ, ഇന്ത്യയിൽ വാട്ടർ ഗ്രാഫിക്സ് സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയ ആദ്യ സിനിമ, ഹോളിവുഡ് ഫോർമാറ്റിൽ നിർമ്മിയ്ക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമ, ലോക പ്രശസ്ത നിർമ്മാണവിതരണക്കമ്പനി ‘വാർണർ ബ്രോസ്’ വിതരണം ചെയ്യുന്ന സിനിമ, ഇറങ്ങുന്നതിന് മുൻപേ ഒരു സംസ്ഥാനത്ത് നിരോധിക്കപ്പെട്ട സിനിമ, തിലകൻ വിവാദവും മുല്ലപ്പെരിയാറും ചേർന്ന് വാർത്തകളിലൂടെ സൂപ്പർ ഹിറ്റ് ആക്കിയ സിനിമ, തുടങ്ങി റിലീസിംഗിനും കിട്ടി പുതുമകൾ കൊണ്ടും വിവാദങ്ങൾ കൊണ്ടും നിറഞ്ഞ ‘ഒൻപത് ‘ പ്രത്യേകതകൾ. 
റിലീസിന് ശേഷം, പുരസ്‌കാരങ്ങളുടെ എണ്ണത്തിലും ചിത്രം ‘സൂപ്പർ ഹിറ്റാ’യിരുന്നു.  ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എൻട്രികൾ നേടിയത് കൂടാതെ, തൊട്ടടുത്ത വർഷത്തെ ഗോൾഡൻ റൂസ്റ്റർ അവാർഡിലേക്ക് 12 ക്യാറ്റഗറികളിൽ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്കാർ എന്നറിയപ്പെടുന്ന ഈ അവാർഡിനായി മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ഡാം 999. 
2013 ൽ തന്നെ നടന്ന സിനിറോക്കോം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ‘ബെസ്റ്റ് ഡയറക്ടർ ‘, ‘ബെസ്റ്റ് ഫീച്ചർ ഫിലിം’ എന്നീ അവാർഡുകൾ ;ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫോർ എൻവിയോൺമെന്റ് ഹെൽത്ത് & കൾച്ചറൽ ഫെസ്റ്റിവലിൽ നിന്ന് ‘സ്പെഷ്യൽ ജൂറി അവാർഡ് ‘, ‘ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം’, ‘ബെസ്റ്റ് മൂവി ഓഫ് ഫെസ്റ്റിവൽ ‘ എന്നിങ്ങനെ മൂന്ന് അവാർഡുകൾ ;സാംഗ്ലി ഫിലിംഫെസ്റ്റിവലിലെ ‘ബെസ്റ്റ് ഇംഗ്ലീഷ് ഫിലിം അവാർഡ് ‘, തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ‘ഡാം 999’ ആ വർഷം നേടിയിരുന്നു. വെസ്റ്റ്‌ ഇൻഡീസിലെ ‘ആന്റിഗ്വ & ബാർബുദ ‘ ഫിലിം ഫെസ്റ്റിവലിൽ വച്ച് ‘ജഡ്ജസ് ഫേവറിറ്റ് ‘ പുരസ്‌കാരത്തിനും ഈ ചിത്രം അർഹമാവുകയും, തുടർന്ന് ചിത്രത്തിന്റെ സംവിധായകനായ സോഹൻ റോയിയെ പ്രത്യേക പുരസ്‌കാരം നൽകി സംഘാടകർ ആദരിക്കുകയും ചെയ്തിരുന്നു. 
വിശ്വ പ്രസിദ്ധമായ ടെഹ്‌റാൻ ഫിലിം ഫെസ്റ്റിവൽ, ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മലേഷ്യയിലെ കോലാലംപൂർ എക്കോ ഫിലിം ഫെസ്റ്റിവൽ, അമേരിക്കയിലെ ചെയിൻ NYC ഫിലിം ഫെസ്റ്റിവൽ, ലൂയിസ്വില്ലി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ട്രിനിറ്റി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ലാഫ്ലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇറ്റലിയിലെ സാലെൻറ്റോ ഫിലിം ഫെസ്റ്റിവൽ തുടങ്ങി നൂറ്റിമുപ്പതോളം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്കും ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം കാലിഫോർണിയയിലെ പ്രശസ്തമായ ഗ്ലോബൽ മ്യൂസിക്ക് അവാർഡും കരസ്ഥമാക്കി.

ജനങ്ങൾക്ക് വെള്ളവും വെളിച്ചവും നൽകുന്ന അണക്കെട്ടുകൾക്ക്, അവരുടെ ജീവന്റെ വെളിച്ചം എന്നെന്നേയ്ക്കുമായി അണയ്ക്കുവാനുള്ള ശക്തിയുമുണ്ട് എന്ത് യാഥാർത്ഥ്യത്തിന്റെ ഒരു വെളിപ്പെടുത്തൽ കൂടിയാണ് ഈ ചിത്രമെന്ന്  സിനിമാസ്വാദകർ വിലയിരുത്തുന്നു.ആയിരത്തിത്തൊള്ളായിരത്തി എഴുപത്തഞ്ചിൽ രണ്ടു ലക്ഷത്തി അമ്പതിനായിരത്തിൽപ്പരം ആളുകളാണ് ചൈനയിലെ ബാങ്കിയ ഡാമിന്റെ തകർച്ചയിലൂടെ മരണപ്പെട്ടത്.   ലോകത്തിലെ തന്നെ പഴക്കം ചെന്ന ഡാമുകളിലെ ഏറ്റവും ഉയരം കൂടുതലുള്ള അണക്കെട്ട് എന്ന് വിക്കി പീഡിയ വിശേഷിപ്പിക്കുന്ന മുല്ലപെരിയാറിന്, ബാങ്കിയ ഡാമിന്റെ ഏഴ് ഇരട്ടി ഉയരമുണ്ട് എന്ന് കൂടി മനസ്സിലാക്കുമ്പോഴാണ് ഇതിന്റെ അപകടസാധ്യതയെക്കുറിച്ച് ഒരു യാഥാർഥ്യബോധത്തോടെയുള്ള വിലയിരുത്തൽ ഒരു സമൂഹത്തിന് നടത്തേണ്ടിവരുന്നത്.  തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാൾ രാമവർമ്മയും ബ്രിട്ടീഷുകാരുമായി ” 999 സാധുതയുള്ള ഒരു കരാർ, ‘പെരിയാർ പാട്ടക്കരാർ ‘ എന്ന പേരിൽ ഉണ്ടാക്കിയിരുന്നു . 1886 ഒക്ടോബർ 29 മുതൽ നിലവിൽ വന്ന ഈ കരാറിലൂടെയാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനും പെരിയാറിലെ ജലം 999 വർഷത്തേക്ക് വൈഗാനദി വഴി തമിഴ്നാടിന് കൊടുക്കാനും ധാരണയായത്. ഭാരതം സ്വാതന്ത്രമായതിന് ശേഷം പിൽക്കാലത്ത് അച്യുതമേനോൻ സർക്കാർ ഇത് പുതുക്കി. പഴയകാല സങ്കേതികവിദ്യ അനുസരിച്ച് ഒരു 100 വർഷത്തിൽ കൂടുതൽ ഉറപ്പോടെ നിലനിൽക്കുവാൻ സാധ്യതയില്ലാത്ത ഒരു അണക്കെട്ടിന്റെ കരാർ 999 വർഷത്തേക്ക് പുതുക്കിയതിലെ ഔചിത്യമില്ലായ്മ നിരവധിതവണ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഈ അനൗചിത്യത്തിലേക്കുള്ള ഒരു ചൂണ്ടുപലക കൂടിയാണ് ‘999 ‘ എന്ന അക്കം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന വിലയിരുത്തലിൽ നിന്നാണ്, ഈ ചിത്രവും മുല്ലപ്പെരിയാറും തമ്മിലുള്ള ബന്ധത്തെ ചൊല്ലി വിവാദങ്ങൾ ആരംഭിച്ചത്
യു എ ഇ ആസ്ഥാനമായ ‘ ബിസ് ടിവി നെറ്റ് വർക്ക് ‘ ആണ് ഡാം 999 ന്റെ നിർമ്മാതാക്കൾ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശീയ പുരസ്‌കാര ജേതാക്കളാണ് ചിത്രത്തിന്റെ പിന്നണിയിലും മുന്നണിയിലുമായി പ്രവർത്തിച്ചത്. അജയ് വിൻസെന്റ് ക്യാമറയും ഔസേപ്പച്ചൻ സംഗീത സംവിധാനവും നിർമ്മിച്ച ചിത്രത്തിൽ വിനയ് റായ്, ആശിഷ് വിദ്യാർത്ഥി, രജിത് കപൂർ, വിമല രാമൻ, ലിൻഡ അർസേനിയോ, ജോഷ്വാ ഫ്രെഡറിക്ക് സ്മിത്ത് തുടങ്ങിയവർ വിവിധ റോളുകൾ കൈകാര്യം ചെയ്തിരിക്കുന്നു. ശബ്ദലേഖനവും ക്യാമറയുമടക്കം അന്നുവരെ ഇന്ത്യൻ സിനിമയിൽ ഉപയോഗിയ്ക്കപ്പെടാഞ്ഞ സാങ്കേതിക വിദ്യയാണ്  DAM999-ൽ പരീക്ഷിയ്ക്കപ്പെട്ടത്