പിഎസ് സി നിയമന നിഷേധം പിന്‍വാതില്‍ നിയമനത്തിന്; ഉമ്മന്‍ ചാണ്ടി

0
74

സംസ്ഥാനത്തെ 493 പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലാംതീയതി അവസാനിക്കുമ്പോള്‍, സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടു മൂലം ലിസ്റ്റിലുള്ള പതിനായിരക്കണക്കിനു യുവതീയുവാക്കള്‍ക്ക് നീതി നിഷേധിച്ചെന്നു ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നല്കി. പിന്‍വാതില്‍ നിയമനത്തിനും ബന്ധുനിയമനത്തിനും ഇത് വഴിയൊരുക്കും. പകരം ലിസ്റ്റ് വരുന്നതുവരെയോ, ലിസ്റ്റിന്റെ പരമാവധി കാലമായ നാലരവര്‍ഷം വരെയോ 493 ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

നിയമസഭയ്ക്കകത്ത് മുഖ്യമന്ത്രി ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം നിഷ്‌കരുണം തള്ളിക്കളഞ്ഞപ്പോള്‍, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് ലിസ്റ്റ് നീട്ടിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയത് ഇരട്ടപ്രഹരമായി.

റാങ്ക് ലിസ്റ്റിലുള്ള എല്ലാവരെയും നിയമിക്കാന്‍ സാധിക്കില്ലെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് ശരിയാണ്. എന്നാല്‍, ഈ ലിസ്റ്റിലുള്ള ബഹുഭൂരിപക്ഷം പേരെയും നിയമിച്ചില്ലെന്നു മാത്രമല്ല, 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുമ്പോള്‍ ഒരു തസ്തികയിലേയ്ക്ക് പോലും പകരം റാങ്ക് ലിസ്റ്റ് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കാലാവധി തീരുന്ന 493 റാങ്ക് ലിസ്റ്റിന്റെ സ്ഥാനത്ത് 136 തസ്തികകളിലേയ്ക്ക് മാത്രമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 357 തസ്തികകള്‍ക്കു ഇതുവരെ അപേക്ഷപോലും ക്ഷണിച്ചിട്ടില്ല. അപേക്ഷ ക്ഷണിച്ച തസ്തികകളിലേയ്ക്ക് ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെങ്കില്‍ രണ്ട് മുതല്‍ മൂന്നു വര്‍ഷം വരെ എങ്കിലും വേണ്ടിവരും. പകരം ലിസ്റ്റ് ഇല്ലാതെ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമ്പോള്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കാതെ വരും. അതോടെ പിന്‍വാതില്‍ നിയമനത്തിനുള്ള അനന്ത സാദ്ധ്യതകളാണ് തുറക്കുന്നത്.

പി.എസ്.സി. റാങ്ക് ലിസ്റ്റിന്റെ സാധാരണ കാലാവധി 3 വര്‍ഷമാണ്. 3 വര്‍ഷം തികയുമ്പോള്‍ പകരം ലിസ്റ്റ് തയ്യാറായില്ലെങ്കില്‍ ഒന്നര വര്‍ഷം വരെയോ അടുത്ത ലിസ്റ്റ് വരുന്നതു വരെയോ ഏതാണ് ആദ്യം വരുന്നത് അതുവരെ ലിസ്റ്റ് നീട്ടുവാന്‍ ഗവണ്മമെന്റിന് അധികാരം ഉണ്ട്.

2011-2016ല്‍ അഞ്ച് വര്‍ഷം യു.ഡി.എഫ് ഗവണ്മന്റ് എല്ലാ പി.എസ്.സി. ലിസ്റ്റുകളും ഈ രീതിയില്‍ നീട്ടിയിട്ടുണ്ട്. 3 വര്‍ഷം സമയം കിട്ടിയിട്ടും പുതിയ ലിസ്റ്റ് തയ്യാറാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം വരെ അധിക സമയം ലഭിക്കുവാന്‍ നിലവിലുള്ള ലിസ്റ്റിലെ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്.

ഗവണ്മെന്റ് നിയമനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ഒഴിവുകള്‍ ഏറ്റവും വേഗം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഗവണ്മെന്റ് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ലോക്ക്ഡൗണ്‍ കാലത്തെ ഓഫീസ് അടച്ചിടലും ജീവനക്കാരുടെ അഭാവവും മൂലം യഥാര്‍ത്ഥ ഒഴിവുകള്‍ പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പല തസ്തികകളിലും ചുരുക്കംപേരെ മാത്രമാണ് നിയമിച്ചത്. എറണാകുളം ജില്ലാ ഹൈസ്‌കൂള്‍, സംസ്‌കൃത അദ്ധ്യാപക ലിസ്റ്റില്‍ നിന്നും ഒരാളെ പോലും 3 വര്‍ഷമായിട്ടും നിയമിച്ചിട്ടില്ല.

മുന്‍ പിണറായി ഗവണ്മെന്റിന്റെ കാലത്ത് ഉദേ്യാഗാര്‍ത്ഥികള്‍ 34 ദിവസം സമരം ചെയ്‌പ്പോള്‍ പരമാവധി നിയമനങ്ങള്‍ നടത്താമെന്ന് ധാരണ ഉണ്ടാക്കിയെങ്കിലും കാര്യമായ ഒഴിവുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.