പ്രസന്നയുടെ മുഴുവന്‍ കുടിശ്ശികയും ജിസിഡിഎയിൽ അടച്ച് എം.എ യൂസഫലി

0
239

കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ ഇടപെടലില്‍ മറൈന്‍ ഡ്രൈവ് വോക്ക് വേയില്‍ കട നടത്തിയിരുന്ന പ്രസന്നയ്ക്ക് ഇനി പുതുജീവിതം. ജി.സി.ഡി.എയുടെ ഒഴിപ്പിക്കലിനെ തുടര്‍ന്ന് നാലുദിവസമായി കൊച്ചി മറൈന്‍ ഡ്രൈവിലെ കടയുടെ സമീപത്തു താമസിച്ചു വന്ന പ്രസന്നകുമാരിയ്ക്ക് ഇനി സ്വന്തം കടയില്‍ കച്ചവടം നടത്തി ജീവിക്കാം.
വാടക കുടിശികയായ 6,32,462 രൂപയും കൂടാതെ ഒരു വര്‍ഷത്തേക്ക് കട നടത്താനുള്ള ജിസിഡിഎ വാടകയായ
2,26679 രൂപയും ചെയര്‍മാന്‍ വി സലീമിന്
എം.എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് കൈമാറി. ഇതിനോടൊപ്പം കട നടത്തുവാനായി രണ്ട് ലക്ഷം രൂപയുടെ സഹായവും എം.എ യൂസഫലി നല്‍കി.
കടയുടമ പ്രസന്ന രാവിലെ തന്നെ കുടിശിക മുഴുവൻ തീർക്കുകയാണെന്നു കാണിച്ച് ജി.സി.ഡി.എ ചെയര്‍മാന്‍ സലീമിന് അപേക്ഷ നൽകിയിരുന്നു. പ്രസന്ന അടച്ചു തീർക്കുവാനുള്ള കുട്ടിശികയായ എട്ടരലക്ഷത്തിൽ നിന്നും രണ്ടരലക്ഷത്തോളം രൂപ ഇളവു നൽകിയിരുന്നു. ബാക്കിയുള്ള തുകയാണ് എം.എ.യൂസഫലി അടച്ചത്.
ഇതിനു പിന്നാലെയാണ് ഒരു വർഷത്തെക്കുള്ള വാടക മുൻകൂർ അടയ്ക്കാവാനുള്ള തീരുമാനം എം.എ.യൂസഫലി അറിയിക്കുന്നത്. ഇതു പ്രസന്ന കേട്ടത്തോടെ കണ്ണുകൾ നിറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം
ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജിൽ നിന്നും ജിസിഡിഎ ചെയർമാൻ വി.സലീം രണ്ടു ചെക്കുകളും ഏറ്റുവാങ്ങി. തുടർന്ന് കട തുടങ്ങുവാനുള്ള ജിസിഡിഎയുടെ അനുമതിപത്രവും താക്കോലും വി.സലീം കൈമാറി. തുടർന്ന് മറൈന്‍ ഡ്രൈവിൽ എത്തിയ പ്രസന്ന ചെയർമാൻ വി.സലീമും ചേർന്ന് കട തുറന്നു. ഈ സമയം കടയിലേക്ക് സാധനങ്ങൾ വാങ്ങുവാൻ എം.എ.യൂസഫലിയുടെ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ എൻ.ബി.സ്വരാജ് കൈമാറി.
പ്രസന്നയുടെ വാർത്തയറിഞ്ഞ് എത്തിയവർക്ക് മധുരം നൽകിയാണ് പ്രസന്ന സ്വീകരിച്ചത്.