ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണെ’ എന്ന ഗാനം
മോഷ്ടിച്ചെന്ന ആരോപണത്തിന് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ മറുപടിയുമായി രംഗത്ത്. സ്വന്തമായി ചിട്ടപ്പെടുത്തിയിട്ടില്ലാത്ത പാട്ടുകളുടെ അവകാശം ഒരിക്കലും താന്‍ അവകാശപ്പെട്ടിരുന്നില്ലെന്നാണ് സംഗീത സംവിധായകന്‍ പറയുന്നത്. ഈ പാട്ട് പ്രൊഡ്യൂസ് ചെയ്യുക മാത്രമാണ് ചെയ്തത്. സത്യജിത്തിന്റെ പേര് കമ്പോസർ ആയും തന്‍റെ പേര് മ്യൂസിക് പ്രൊഡ്യൂസർ ആയും വയ്ക്കാനാണ് 24/7 എന്ന ഓഡിയോ കമ്പനിയോട് ആവശ്യപ്പെട്ടതെന്നും ഷാൻ പറയുന്നു.
യുട്യൂബിലും മറ്റ് പ്ലാറ്റ്ഫോമിലും നൽകിയിട്ടുള്ള വിവരങ്ങളിൽ ഉടൻ തന്നെ മാറ്റം വരുത്തുമെന്നും ഷാൻ കൂട്ടിച്ചേർത്തു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഗാനം റിലീസ് ചെയ്തപ്പോൾ ഡിസ്‌ലൈക്കുകൾ വന്നിരുന്നു. ഇത് കാരണം പിന്നീട് യൂട്യൂബിൽ ഗാനം ശ്രദ്ധിച്ചില്ലെന്നാണ് ഷാന്‍ പറയുന്നത്. പാട്ട് പ്രൊഡ്യൂസ് ചെയ്തതും അറൈഞ്ച് ചെയ്തതും ഷാൻ റഹ്മാൻ എന്ന് ഇടുന്ന രീതിയാണ് ഓഡിയോ കമ്പനികൾക്കുണ്ട്. ഗായകരുടെ പേരുകളും മറ്റും യുട്യൂബിൽ കൃത്യമായാണോ നൽകിയിരിക്കുന്നതെന്ന് നോക്കുന്നത് ചലച്ചിത്ര നിർമാതാക്കള്‍ ചെയ്യേണ്ടതാണ്.
ഇന്ന് മുതൽ ഈ പാട്ട് എവിടെയുണ്ടോ അവിടെ എല്ലായിടത്തും മാറ്റങ്ങൾ വരുത്തും. സത്യജിത്തിന് സമാധാനമാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഷാൻ തന്‍റെ വിശദീകരണ കുറിപ്പില്‍ പറയുന്നു.