മുൻഗണന റേഷൻ കാർഡ് : തിരിച്ചേൽപ്പിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി

0
58

മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർക്ക് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ  തിരിച്ചേൽപ്പിക്കുന്നതിന് അനുവദിച്ചിരുന്ന സമയം ജൂലായ് 15 വരെ ദീർഘിപ്പിച്ചു. ജില്ലാ സപ്ലൈ ഓഫീസിന് കീഴിൽ വിവിധ വിഭാഗങ്ങളിലായി നേരിട്ട് / ഫോൺ / ഇമെയിൽ വഴി ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലും അനർഹ കാർഡുകൾ കൈവശം വച്ചിരിക്കുന്നതായി ലഭിച്ച പരാതികളുടെ  അടിസ്ഥാനത്തിലും ജില്ലയിലാകെ 5500 കാർഡുകളാണ് ഇതുവരെ പൊതു വിഭാഗത്തിലേക്ക് മാറ്റിയത്. സമയം ദീർഘിപ്പിച്ച സാഹചര്യത്തിൽ ജൂലൈ 16 മുതൽ അനർഹരെ കണ്ടെത്തുന്നതിനായി താലൂക്ക് അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധനകളും റെയ്ഡുകളും നടത്തും. ദേശീയ ഭക്ഷ്യ ഭദ്രത നിയമപ്രകാരം 2016 നവംബർ മുതൽ അർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ അധിക വില പിഴയായി ഈടാക്കും. പിഴ നടക്കാത്തവർ റവന്യൂ റിക്കവറി നടപടികൾ നേരിടേണ്ടിവരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. 
സംസ്ഥാന കേന്ദ്ര സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖല സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർ, സർവീസ് പെൻഷണർമാർ, ആദായ നികുതി നൽകുന്നവർ, പ്രവാസികളടക്കം കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങൾക്കും കൂടി പ്രതിമാസം 25000 രൂപയോ അതിലധികമോ വരുമാനമുള്ളവർ, ഒരു ഏക്കറിലധികം ഭൂമി കൈവശം ഉള്ളവർ, 1000 ചതുരശ്ര അടിക്ക് മുകളിലുള്ള വീട് ഫ്ലാറ്റ് സ്വന്തമായി ഉള്ളവർ, ഏക ഉപജീവനമാർഗ്ഗമായ ടാക്സി ഒഴികെ സ്വന്തമായി നാലുചക്ര വാഹനം ഉള്ളവർ തുടങ്ങിയവരാണ് മുൻഗണന കാർഡിന് അർഹതയില്ലാത്തവർ.
കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും പരാതിപ്പെടാം. പരാതികൾ താലൂക്ക് സപ്ലൈ ഓഫീസിൽ വച്ചിരിക്കുന്ന പരാതിപെട്ടിയിലോ, ഫോൺ / ഇമെയിൽ വഴിയോ അറിയിക്കാം.