മൃഗങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഇടപെടുന്നില്ല; ഏതു നേതാവായാലും ഉപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ചു വേണം; സുധാകരനെതിരെ പിഎംഎ സലാം

0
519

മലപ്പുറം:  കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മൃഗങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഇടപെടുന്നില്ല. ഇടി മുഹമ്മദ് ബഷീറിന്റെ പരാമര്‍ശത്തില്‍, അടുത്ത ജന്മത്തില്‍ പട്ടിയാകുമെന്ന് കരുതി ഇപ്പോഴേ കുരയ്‌ക്കേണ്ടതില്ലെന്ന കെ സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

അദ്ദേഹം എന്തു പറഞ്ഞാണ് അതു പറഞ്ഞതെന്ന് അറിയില്ല. സുധാകരനല്ല, ഏതു നേതാവായാലും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഉപയോഗിക്കുന്ന വാക്കുകളൊക്കെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ഇത് കുറേ തവണ പറഞ്ഞതാണ്. എന്തായാലും ഏതു സാഹചര്യത്തിലാണ് അദ്ദേഹം ആ വാക്കുകള്‍ ഉപയോഗിച്ചത് എന്നതുകൂടി കോണ്‍ഗ്രസ് നേതൃത്വവും യുഡിഎഫ് നേതൃത്വവും പരിശോധിക്കേണ്ടതു തന്നെയാണ്. 

പലസ്തീന്‍ വിഷയം മുന്നണി രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ല. തെരഞ്ഞെടുപ്പോ മുന്നണി ബന്ധവുമായോ ബന്ധപ്പെട്ട കാര്യമല്ല. ഇതൊരു സാമുദായിക പ്രശ്‌നമല്ല. മനുഷ്യാവകാശ പ്രശ്‌നമാണ്. ലോകം മുഴുവന്‍ എതിര്‍ക്കുകയാണ്. കടുംകൊല ചെയയ്ുന്ന ഇസ്രയേലില്‍ പോലും ഇതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്. ലോകമനസാക്ഷിയുടെ കൂടെയാണ് ഞങ്ങള്‍ നില്‍ക്കുന്നത്. അതില്‍ നില്‍ക്കണ്ട ആളുകളൊക്കെ നിന്നോളും. ആരെയെങ്കിലും നിര്‍ത്തേണ്ട ആവശ്യം ലീഗിനില്ലെന്ന് സലാം പറഞ്ഞു. 

സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കണോ എന്നതില്‍ നാളെ തീരുമാനമെടുക്കുമെന്ന് പിഎംഎ സലാം വ്യക്തമാക്കി. സാദിഖലി തങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സലാം ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടിയുടെ ദേശീയ നേതാക്കളും കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് ബഷീറും സ്ഥലത്തില്ല. അവര്‍ വൈകീട്ടോടെയേ സ്ഥലത്തെത്തുകയുള്ളൂ. 

നാളെ ഉച്ചയ്ക്ക് കോഴിക്കോട് ഓഫീസില്‍ കൂടിയാലോചന നടത്തിയശേഷം തീരുമാനമെടുക്കും. ക്ഷണം കിട്ടിയാല്‍ ലീഗ് പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, അതേക്കുറിച്ച് തീരുമാനിക്കാനാണല്ലോ നാളെ കൂടുന്നതെന്നായിരുന്നു പ്രതികരണം. ലീഗ് ജനാധിപത്യപരമായ പാര്‍ട്ടിയാണ്. ഏകീകൃത സിവില്‍ കോഡ് വിഷത്തിലേയും ഇപ്പോഴത്തേയും സാഹചര്യം തമ്മില്‍ വ്യത്യാസമുണ്ട്. അതും പരിശോധിക്കും. 

ഇടി മുഹമ്മദ് ബഷീര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്. അതു മുഖവിലയ്ക്ക് എടുക്കുന്നതു കൊണ്ടാണ് നാളെ യോഗം ചേരുന്നത്. സിപിഎമ്മുമായി രാഷ്ട്രീയ വേദിയൊന്നുമല്ലല്ലോ പങ്കിടുന്നത്, ഒരു പൊതു കാര്യത്തിന് വേണ്ടിയല്ലേയെന്നും സലാം ചോദിച്ചു. അതില്‍ എന്തു നിലപാട് വേണമെന്ന് യോഗത്തില്‍ തീരുമാനിക്കും. അന്തര്‍ദേശീയ വിഷയത്തില്‍ നിലപാട് സ്വീകരിക്കുമ്പോള്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല എന്നാണ് പൊതു അഭിപ്രായം. എന്തായാലും തീരുമാനമെടുക്കുമ്പോള്‍ യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യുമെന്നും പിഎംഎ സലാം വ്യക്തമാക്കി.