റഫ ക്രോസിങ് തുറക്കും; ഗാസയിലേക്ക് ഭക്ഷണവും വെള്ളവുമായി 20 ട്രക്കുകള്‍, അഭയാര്‍ത്ഥികളെ കയറ്റില്ലെന്ന് ഈജിപ്ത്

0
113

സ്രയേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന്, ദുരന്ത സാഹചര്യം നിലനില്‍ക്കുന്ന ഗാസയിലേക്ക് സഹായം എത്തിക്കാന്‍ അതിര്‍ത്തി തുറക്കാന്‍ സമ്മതിച്ച് ഈജിപ്ത്. ഗാസയിലേക്കുള്ള സഹായ സാധനങ്ങളുമായി നൂറുകണക്കിന് ട്രക്കുകള്‍ ഈജിപ്ഷ്യന്‍ അതിര്‍ത്തിയായ റഫയില്‍ കാത്തുകിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് യുഎന്നും യുഎസും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തി തുറക്കുമെന്ന ഈജിപ്തിന്റെ പ്രഖ്യാപനമുണ്ടായത്.

റഫ അതിര്‍ത്തി വഴി 20 ട്രക്കുകള്‍ കടത്തിവിടാം എന്നാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍-സിസി സമ്മതിച്ചത്. ഗാസയിലേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും വൈദ്യസഹായവും റഫ ക്രോസിങ് വഴി എത്തിക്കാന്‍ അനുവദിക്കുമെന്ന് ഇസ്രയേല്‍ സമ്മതിച്ചായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. മാനുഷിക സഹായങ്ങള്‍ ഹമാസ് സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഇസ്രയേല്‍ നിബന്ധന വെച്ചിട്ടുണ്ട്.

ഗാസ മുമ്പനില്‍ നിന്ന് റഫ ക്രോസിങ് വഴി അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഈജിപ്ത് അതിര്‍ത്തി അടച്ചത്. മാനുഷിക സഹായം നല്‍കുന്നതിന് മാത്രമാണ് അതിര്‍ത്തി തുറക്കുന്നതെന്നും അഭയാര്‍ത്ഥി പ്രവാഹം അനുവദിക്കില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് വ്യക്തമാക്കി.

എന്താണ് റഫ ക്രോസിങ്? 

പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടലും വടക്കും കിഴക്കും ഇസ്രയേലും തെക്ക് ഈജിപ്തുമാണ് ഗാസ മുനമ്പിന്റെ അതിരുകള്‍. കരേം അബു സലേം ക്രോസിങ്, എറെസ് ക്രോസിങ് എന്നിവ ഇസ്രയേല്‍ ആണ് നിയന്ത്രിക്കുന്നത്. റഫ ക്രോസിങ് ഈജ്പ്തിന്റെ നിയന്ത്രണത്തിലാണ്. ഈജിപ്തിലെ സിനായ് പെനിന്‍സുലയുമായി ഗാസ മുനമ്പിന്റെ തെക്ക് ഭാഗം കൂടിച്ചേരുന്നിടത്താണ് റഫ ക്രോസിങ് ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേല്‍ ആക്രമിച്ചതിന് പിന്നാലെ ഈജിപ്ത് റഫ ക്രോസിങ് അടച്ചിരുന്നു.

ഗാസയ്ക്ക് വേണ്ടി, ഇസ്രയേലിന്റെ അനുമതിയില്ലാതെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുക ഇതുവഴിയാണ്. എന്നാല്‍, അഭയാര്‍ത്ഥി പ്രവാഹമുണ്ടാകും എന്ന് ചൂണ്ടിക്കാട്ടി ഈജിപ്ത് ഇത് അടയ്ക്കുകയായിരുന്നു.

സിനായില്‍ പലസ്തീനികളെ പുനരധിവസിപ്പിക്കാനായി ഇസ്രയേല്‍ പദ്ധതിയിടുന്നുണ്ടെന്ന് ഈജിപ്ത് ആശങ്കപ്പെടുന്നു. മാസങ്ങള്‍ നീണ്ട ഉപരോധത്തെത്തുടര്‍ന്ന് ഭക്ഷണവും സാധനങ്ങളും തേടി 2008ല്‍ ഗാസക്കാര്‍ റഫ ക്രോസിങ് ആക്രമിച്ചിരുന്നു.