ലുലു മാളിൽ ഡ്രൈവ് ഇൻ വാക്‌സിനേഷൻ ക്യാംപ് ആരംഭിച്ചു

0
64

കൊച്ചി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലുലു മാൾ ഇടപ്പള്ളി എം എ ജെ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഡ്രൈവ് ഇൻ വാക്‌സിനേഷൻ ക്യാംപ് ആരംഭിച്ചു. ഈ സൗകര്യത്തിലൂടെ ആർക്കും സ്വന്തം വാഹനത്തിൽ ലുലു മാളിലെത്തി, കാറിൽ നിന്നും പുറത്തുപോലുമിറങ്ങാതെ വാക്‌സിൻ സ്വീകരിച്ച് മടങ്ങാവുന്നതാണ്. ലളിതമായ നടപടി ക്രമങ്ങളിലൂടെ കോവിഷീൽഡ് വാക്‌സിനേഷൻ സ്വന്തമാക്കുവാനുള്ള അവസരമാണ് ഇതിലൂടെ സന്ദർശകർക്കായൊരുങ്ങുന്നത്. ആഗസ്റ്റ് 27 വരെ നീണ്ടുനിൽക്കുന്ന ക്യാംപിൽ, രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെയ്ക്കും കൊച്ചി ലുലു മാളിലെത്തുന്ന സന്ദർശകർക്ക് മൾട്ടി ലെവൽ കാർ പാർക്കിങ്ങിലെത്തി, അവിടെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ബൂത്തിൽ ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ രേഖയും, വാക്‌സിനേഷനാവശ്യമായ തുകയും നൽകിക്കഴിഞ്ഞാൽ, ആരോഗ്യപ്രവർത്തകർ സന്ദർശകരുടെ വാഹനത്തിനരികിലെത്തി വാക്‌സിനേഷൻ നടപടി പൂർത്തീകരിക്കുന്നതാണ്. വാക്‌സിനേഷൻ സ്വീകരിച്ച് 30 മിനുറ്റ് നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം സ്വീകർത്താക്കൾക്ക് തിരികെ പോകാവുന്നതാണ്. 780 രൂപ നിരക്കിൽ ആദ്യ ഡോസ്, രണ്ടാം ഡോസ് വാക്‌സിനുകൾ ലഭ്യമാണ്.

കോവിഡ് പ്രതിരോധത്തിൽ എന്നും കർശന നിലപാട് സ്വീകരിച്ചിട്ടുള്ള ലുലു മാൾ, ഡ്രൈവ് ഇൻ വാക്‌സിൻ ക്യാംപെയിനിലൂടെ വേറിട്ട ഒരു ചുവടുവെയ്പ്പാണ് നടത്തുന്നത്. കോവിഡ് വാക്‌സിനേഷൻ സമൂഹത്തിന്റെ അത്യാവശ്യമായിരിക്കേ, കൂടുതൽ ആളുകളിലേക്ക് വളരെപ്പെട്ടെന്ന് വാക്‌സിൻ എത്തിക്കുക എന്നതാണ് ഈ ക്യാംപിലൂടെ ലുലു മാൾ ലക്ഷ്യം വെയ്ക്കുന്നത്. ഓഗസ്റ്റ് 27 വരെയായിരിക്കും ഡ്രൈവ് ഇൻ വാക്‌സിനേഷൻ സേവനം ലഭ്യമായിരിക്കുക എന്ന് ലുലു മാൾ പ്രതിനിധികൾ അറിയിച്ചു.