വിമർശനം മന്ത്രിക്കെതിരെയല്ല, ഉദ്യോഗസ്ഥർക്കെതിരെ; പ്രസ്താവനയിൽ മലക്കം മറഞ്ഞ് യു.പ്രതിഭ

0
47

പ്രസ്താവനയിൽ മലക്കം മറഞ്ഞ് യു.പ്രതിഭ എംഎൽഎ. തന്റെ പ്രതിഷേധം മന്ത്രിക്കെതിരെയല്ലെന്നാണ് ന്യായീകരണം. മന്ത്രിക്കെതിരെയല്ല ഉദ്യോഗസ്ഥർക്കെതിരെയാണ് വിമർശനമെന്നും ഇറിഗേഷൻ വകുപ്പും കായംകുളത്തെ അവഗണിച്ചുവെന്നും പ്രതിഭ പ്രതികരിച്ചു.

ഫേസ്ബുക്ക് വിഡിയോയിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം. ആലപ്പുഴയ്ക്ക് 50 ലക്ഷം അനുവദിച്ചാൽ കായംകുളത്തിന് അര ലക്ഷം പോലും നൽകാറില്ലെന്ന് യു.പ്രതിഭ വിമർശിച്ചു.ഉദ്യോഗസ്ഥരുടെ ഭാഗത്തല്ല തെറ്റ് എന്നായിരുന്നു എംഎൽഎയുടെ ആദ്യ പ്രതികരണം. ടൂറിസം വകുപ്പ് കായംകുളത്തെ അവഗണിക്കുന്നു എന്നും പ്രതികരിച്ചിരുന്നു. വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഉൾപ്പെടെ സമീപിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും ഒരു പൊതുപരിപാടിയ്ക്കിടെ യു.പ്രതിഭ കുറ്റപ്പെടുത്തിയിരുന്നു. ടൂറിസം ഭൂപടത്തിൽ കായംകുളം ഇല്ലേയെന്ന് തനിക്ക് പലപ്പോഴും സംശയം തോന്നാറുണ്ടെന്നും എംഎൽഎ തുറന്നടിച്ചിരുന്നു. ടൂറിസം എന്നാൽ ആലപ്പുഴ ബീച്ചും പുന്നമടയും മാത്രമാണെന്നത് മിഥ്യധാരണയാണെന്ന് എംഎൽഎ പൊതുവേദിയിൽ പറഞ്ഞു. കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്ന് മനസിലാക്കണം. ടൂറിസം വകുപ്പ് സ്ഥാപിച്ച മത്സ്യകന്യക വെയിൽ കൊണ്ട് കറുത്തു. മണ്ഡലത്തിലെ വിനോദസഞ്ചാര മേഖല അവഗണനയാൽ വീർപ്പുമുട്ടുകയാണെന്നും യു പ്രതിഭ കുറ്റപ്പെടുത്തി. കായംകുളത്തെ കായലോരം ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു എംഎൽഎയുടെ വിമർശനങ്ങൾ.