വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, 11 ലക്ഷം തട്ടിയെടുത്തു; ഷിയാസ് കരീം പിടിയില്‍

0
53

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടനും മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍. ദുബായില്‍ നിന്ന് എത്തിയ ഷിയാസിനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. യുവതിയുടെ പീഡന പരാതിയില്‍ ഷിയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാസര്‍കോട് ചന്തേര പൊലീസ് ചെന്നൈയിലേക്ക് തിരിക്കും. 

കാഞ്ഞങ്ങാട് സ്വദേശിനിയാണ് താരത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. 

വര്‍ഷങ്ങളായി എറണാകുളത്ത് ജിമ്മില്‍ ട്രെയിനറായി ജോലി നോക്കുകയാണ് പരാതിക്കാരി. ജിമ്മില്‍ വച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. തുടര്‍ന്ന് യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

കൂടാതെ യുവതിയില്‍ നിന്ന് 11 ലക്ഷം രൂപയിലധികം തട്ടിയെടുത്തതായും പരാതിയിലുണ്ട്. മോഡലായ ഷിയാസ് കരീം ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ശ്രദ്ധേയനാകുന്നത്.