ശമ്പളം കൊടുക്കാൻപോലും പണമില്ല; എന്നിട്ടും നിയമോപദേശത്തിന് മാത്രമായി സർക്കാർ 40 ലക്ഷം ചിലവഴിച്ചെന്ന് ഗവർണർ

0
38

കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാരിന്റെ ആശയക്കുഴപ്പം മാറുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകൾ തടഞ്ഞുവച്ച നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന സംസ്ഥാന സർക്കാറിന്റെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഗവർണർ ബില്ലുകൾ തടഞ്ഞു വച്ചിരിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.

“സാമ്പത്തിക പ്രതിസന്ധിക്കിടയിലും നിയമോപദേശത്തിന് മാത്രമായി 40 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിച്ചത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണം ഇല്ലാത്തപ്പോഴാണ് ഇത്രയധികം പണം ചെലവഴിച്ചത്. താൻ സമ്മർദത്തിന് വഴങ്ങുന്ന ആളല്ല’’– ഗവർണർ വ്യക്തമാക്കി.

ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. “ഗവർണർ 8 ബില്ലുകളിൽ ഒപ്പിടാനുണ്ട്. 3 ബില്ലുകൾ പാസാക്കിയിട്ട് 1 വർഷവും 10 മാസവുമായി. മൂന്നെണ്ണം യൂണിവേഴ്സിറ്റി ബില്ലാണ്. കേരള സഹകരണ സൊസൈറ്റി ഭേദഗതി ബില്ലും, ലോകായുക്ത ബില്ലും ഉൾപ്പെടെ ഒപ്പിടാനുണ്ട്. ഗവർണർ ഒപ്പിടാത്തതുകൊണ്ട് നിയമമായിട്ടില്ല.”

“ജനാഭിലാഷം പ്രതിഫലിക്കുന്നതാണ് നിയമസഭ. അവ പാസാക്കുന്ന ബില്ലുകൾ നിയമമാക്കാൻ കാലതാമസം ഉണ്ടാകുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് യോജിച്ചതല്ല. ഗവർണർ ആവശ്യപ്പെട്ട വിശദീകരണം സർക്കാർ നൽകിയെങ്കിലും ഒപ്പിട്ടില്ല. ഗവർണറുടെ നടപടികൾ ഭരണഘടനാനുസൃതമല്ല. ഗവർണർക്ക് നിയമപരമായി വിയോജിക്കാൻ അവകാശമുണ്ട്. സാധാരണ ബില്ലുകൾപോലും തടഞ്ഞുവയ്ക്കുന്നത് ശരിയല്ല”- മുഖ്യമന്ത്രി വ്യക്തമാക്കി.