ജെറുസലേം: ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികളുമാണ് കൊല്ലപ്പെട്ടത്. ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ഗാസയിൽ വെള്ളവും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിനു പിന്നാലെ ഗാസയിൽ സമ്പൂർണ ഉപരോധവും ഏർപ്പെടുത്തിയിരിക്കുകയാണ്.മുന്നറിയിപ്പില്ലാതെ ക്യാമ്പുകളിലേക്ക് വ്യോമാക്രമണം നടത്തിയാൽ ബന്ദികളെ വധിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. മൂന്നുലക്ഷത്തോളം സൈനികരെയാണ് ഗാസയിൽ പോരാട്ടത്തിനായി ഇസ്രയേൽ വിന്യസിച്ചത്. ലബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ തുടരുകയാണ്. ഹിസ്ബുള്ളയുടെ ഏഴുപേരെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 30 ഇസ്രയേലി പൗരന്മാർ ബന്ദികൾ ആണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇസ്രയേൽ ഇക്കാര്യം സമ്മതിക്കുന്നത്. അതിനിടെ, ഹമാസ് പോരാട്ടം തുടരുകയാണെന്നും കൂടുതല്‍ ഇസ്രയേലികളെ പിടികൂടിക്കൊണ്ടിരിക്കുകയാണെന്നും ഹമാസ് വക്താവ് പറഞ്ഞു. ഇസ്രയേല്‍ തടവിലാക്കിയ പലസ്തീന്‍ തടവുകാരുടെ മോചനമാണ് ലക്ഷ്യമെന്നും ഹമാസ് വക്താവ് അവകാശപ്പെട്ടു. ഹമാസ് ആക്രണത്തിൽ 11 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. സംഘർഷത്തിൽ സാധാരണ പൗരന്മാർ കൊല്ലപ്പെടുന്നതിൽ യുഎഇ നടുക്കം രേഖപ്പെടുത്തി.