ചെന്നൈ: ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. ഇന്ന് 11.20 ന് ചെന്നൈയിലായിരുന്നു അന്ത്യം. 98 വയസ്സുണ്ടായിരുന്നു. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു എംഎസ് സ്വാമിനാഥന്‍. സ്വാമിനാഥന്‍റെ പരിഷ്കാരങ്ങളാണ് രാജ്യത്ത് പട്ടിണി ഇല്ലാതാക്കിയത്. പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് എംഎസ് സ്വാമിനാഥന്റെ മുഴുവൻ പേര്. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് അടിത്തറയിട്ട ഹരിത വിപ്ലവത്തിൻറെ ശിൽപ്പിയെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 1925 ഓഗസ്റ്റ് 7ന് സർജനായ ഡോ എംകെ സാംബശിവൻറെയും പാർവതി തങ്കമ്മാളിൻറെയും മകനായി തമിഴ്നാട്ടിലെ കുംഭകോണത്താണ് ജനനം. കുംഭകോണം കത്തോലിക്കേറ്റ് ലിറ്റിൽ ഫ്ലവർ ഹെസ്കൂളിൽ നിന്ന് 15 വയസ്സിൽ മെട്രിക്കുലേഷൻ പാസ്സായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് 1944-ൽ സുവോളജിയിൽ ബിരുദം നേടി. ശേഷം മദ്രാസ് അഗ്രിക്കൾച്ചറൽ കോളേജിൽ നിന്ന് അഗ്രിക്കൾച്ചറൽ സയൻസിൽ ബിരുദം കരസ്ഥമാക്കി.