ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 19ാം സ്വര്‍ണം;  അമ്പെയ്ത്തില്‍ ചരിത്രനേട്ടം; മെഡല്‍ നേട്ടം 82 ആയി

0
74

ഹാങ്ചൗ:ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്തൊന്‍പതാം സ്വര്‍ണം. അമ്പെയ്ത്തിലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ സ്വര്‍ണനേട്ടം. ഫൈനലില്‍ ചൈനിസ് തായ്‌പെയെ തോല്‍പ്പിച്ചു.

ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍ ഇന്ത്യനേടുന്ന ആദ്യത്തെ സ്വര്‍ണമാണിത്. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ്, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് ചൈനയെ തോല്‍പ്പിച്ചത്. (230-229)

അതേസമയം, ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോട് പരാജയപ്പെട്ടു. ചൈനീസ് താരം ഹെ ബിംഗ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-16, 21-15. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സിന്ധു വെള്ളി നേടിയിരുന്നു.

ഏഷ്യന്‍ ഗെയിംസ് റിലേയില്‍ ഇന്ത്യ വന്‍ കുതിപ്പ് ആണ് നടത്തിയത്. പുരുഷ റിലേയില്‍ സ്വര്‍ണവും വനിതാ റിലേയില്‍ വെള്ളിയും ഇന്ത്യന് ടീം നേടി. പുരുഷന്‍മാരുടെ 4400 മീറ്റര്‍ റിലേയില്‍ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, തമിഴ്നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം നേടിയത്. 3:01.58 സമയത്തില്‍ ഓടിയെത്തി ദേശീയ റെക്കോര്‍ഡോടെയാണ് സ്വര്‍ണ നേട്ടം.

വനിതകളുടെ 4400 മീറ്റര്‍ റിലേയില്‍ വിദ്യ, ഐശ്വര്യ, പ്രാചി, ശുഭ എന്നിവര്‍ വെള്ളി നേടി. പുരുഷന്‍മാരുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യന്‍ താരം അവിനാഷ് സാബ്ലെയ്ക്കു വെള്ളി മെഡലുണ്ട്. ബഹ്റെയ്ന്‍ താരങ്ങള്‍ക്കാണ് ഈയിനത്തില്‍ സ്വര്‍ണവും വെങ്കലവും. നേരത്തേ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സ്വര്‍ണം നേടിയിരുന്നു.

11ാം ദിനമായ ഇന്നലെ മെഡല്‍നേട്ടത്തില്‍ ടീം ഇന്ത്യ ചരിത്രം കുറിച്ചു. ബുധനാഴ്ച നീരജ് ചോപ്രയും പുരുഷ റിലേ ടീമും അമ്പെയ്ത്തുകാരും സ്വര്‍ണം നേടിയതോടെ ഏഷ്യന്‍ ഗെയിംസിലെ എക്കാലത്തെയും മികച്ച മെഡല്‍നേട്ടത്തിലെത്തി രാജ്യം. ജക്കാര്‍ത്തയില്‍ 16 സ്വര്‍ണം ഉള്‍പ്പെടെ 70 മെഡല്‍ നേടിയതായിരുന്നു ഇതുവരെ മികച്ച പ്രകടനം.അത്‌ലറ്റിക്‌സില്‍ ബുധനാഴ്ച രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടി. രാവിലെ ജ്യോതി സുരേഖയും ഓജസ് പ്രവീണും ചേര്‍ന്ന സഖ്യം അമ്പെയ്ത്തില്‍ സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യ ജക്കാര്‍ത്തയിലെ നേട്ടം മറികടന്നത്. പിന്നീട് ബോക്‌സിങ്ങില്‍ ഒരു വെള്ളിയും വെങ്കലവും ലഭിച്ചു. സ്‌ക്വാഷിലും ഒരു വെങ്കലം ലഭിച്ചു.