ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനം എത്തി, സംഘത്തിൽ 16 മലയാളികൾ

0
68

ന്യൂഡൽഹി: ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാ​ഗമായി ഇസ്രയേലിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി.  235 ഇന്ത്യക്കാരാണ് രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. 16 മലയാളികളും സംഘത്തിലുണ്ടെന്നാണ് വിവരം. ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. 

നിലവിൽ 20 മലയാളികളാണ് ഇന്ത്യയിലേക്ക് മടങ്ങാൻ ഡല്‍ഹി കേരള ഹൗസിൽ രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ എത്തിയവർ നേരിട്ട് നാട്ടിലേക്ക് മടങ്ങും. ഡല്‍ഹിയില്‍ തങ്ങണം എന്നുള്ളവർക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 24 മണിക്കൂറും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. ഓപ്പറേഷൻ അജയ്‌യുടെ ഭാ​ഗമായി ആദ്യം എത്തിയ വിമാനത്തിൽ 212 പേരാണ് ഉണ്ടായിരുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ യാത്രക്കാരെ സ്വീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ടെൽഅവീവിൽ നിന്നു വിമാനം പുറപ്പെട്ടത്.ഇസ്രയേലിൽ 18,000 ഇന്ത്യക്കാരാണുള്ളത്. തിരിച്ചുവരാനാഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എത്രപേർ തിരിച്ചുവരുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. ഗാസയിൽ നാലും വെസ്റ്റ്ബാങ്കിൽ 10–12 ഇന്ത്യക്കാരുമുണ്ട്. താൽപര്യമെങ്കിൽ അവരെയും തിരിച്ചെത്തിക്കും. ആവശ്യമെങ്കിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേനയുടെ പ്രത്യേക വിമാനവും ഇസ്രയേലിലേക്കു പോകും.