കരുവന്നൂര്‍ തട്ടിപ്പ് കേസ്; സിപിഎം നേതാവ് പി വി അരവിന്ദാക്ഷന് ഇന്ന് നിര്‍ണായകം, ജാമ്യഹര്‍ജി കോടതിയില്‍

0
44

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി വി അരവിന്ദാക്ഷന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യ ഹര്‍ജി പരിശോധിക്കുന്നത്. ഇഡി തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അമ്മയുടെ പേരില്‍ ഇല്ലാത്ത ബാങ്ക് നിക്ഷേപമുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നുമാണ് അരവിന്ദാക്ഷന്റെ വാദം. കരുവന്നൂര്‍ തട്ടിപ്പിലെ മുഖ്യപ്രതി സതീശ് കുമാറും സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ അരവിന്ദാക്ഷനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാനുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്നും തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക് നിക്ഷേപമോ ഇല്ലെന്നുമാണ് കോടതിയെ അറിയിച്ചത് പി ആര്‍ അരവിന്ദാക്ഷന്‍. എന്നാല്‍, പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറിയത് ബാങ്ക് സെക്രട്ടറിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വെളിപ്പെടുത്തി. ഇത് തന്റെ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ അരവിന്ദാക്ഷനും ഇത് സമ്മതിച്ചതാണെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാട് നടന്നെന്നും ഇഡി വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കുറ്റപ്പെടുത്തി. തെറ്റായ വിവരങ്ങള്‍ കൈമാറി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് നീക്കം. അന്വേഷണത്തിന് ആവശ്യമായ രേഖകള്‍ ക്രൈംബ്രാഞ്ച് കൈമാറുനില്ലെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.