കരുവന്നൂര്‍ ബാങ്ക് വിഷയം; എകെജി സെന്ററില്‍ സിപിഐഎം അടിയന്തര യോഗം

0
36

എകെജി സെന്ററില്‍ സിപിഐഎമ്മിന്റെ അടിയന്തര യോഗം. കരുവന്നൂര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേരള ബാങ്കിന്റെ ഫ്രാക്ഷന്‍ വിളിച്ച് സിപിഐഎം. ബാങ്കിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം.

എം കെ കണ്ണനും യോഗത്തിൽ പങ്കെടുത്തു. ബാങ്കിന് പണം നൽകുന്നതിൽ ചർച്ച. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് എങ്ങനെ പണം തിരികെ നൽകാം എന്നതാവും യോഗത്തിൽ പ്രധാന വിഷയം. അതേസമയം പ്രതിസന്ധി മറികടക്കാൻ കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും നിക്ഷേപം സ്വീകരിക്കാൻ സിപിഐഎം നീക്കം.

ബാങ്കിനെ പുനരുജീവിപ്പിക്കാനാണ് പദ്ധതി. പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ-സംസ്ഥാന നേതാക്കൾ നേരിൽ കണ്ട് പണം മടക്കി നൽകുമെന്ന് ഉറപ്പു നൽകും. വിവാദങ്ങൾക്കിടെ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ മേഖലാ റിപ്പോർട്ടിങ്ങ് നടന്നു.

സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് ഇന്ന് കരുവന്നൂരിൽ നിന്ന് ആരംഭിക്കുന്ന കോൺഗ്രസ് പദയാത്ര. പിന്നാലെ ബിജെപിയും പദയാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. വിവാദങ്ങൾക്ക് പിന്നാലെയുള്ള അറസ്റ്റിൽ കരുവന്നൂർ വീണ്ടും സജീവ ചർച്ചയാകുന്നതോടെയാണ് നിക്ഷേപകരുടെ പണം മടക്കി നൽകാനുള്ള സിപിഐഎം നീക്കം. പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് 50% തുക അടിയന്തരമായി വിതരണം ചെയ്യും.

റവന്യൂ റിക്കവറി നടപടികൾ വേഗത്തിലാക്കിയും നിക്ഷേപം സ്വീകരിച്ചും സ്വരൂപിക്കാണ് ലക്ഷ്യം. ഇതിനായി അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതിക്ക് പിന്തുണ നൽകി കൂടുതൽ നിക്ഷേപകരെ കണ്ടെത്തും. 110 കോടിയുടെ സ്ഥിരനിക്ഷേപം പുതുക്കാൻ ആയതും ആശ്വാസകരമാണ്. വിവാദങ്ങൾക്കിടെ തൃശ്ശൂരിൽ സിപിഐഎം മേഖലാ റിപ്പോർട്ടിങ്ങ് നടന്നു. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ റിപ്പോർട്ട് ചെയ്തു.

ലോക്കൽ കമ്മിറ്റി മുതൽ ജില്ലാതലം വരെയുള്ളവർ പങ്കെടുക്കുന്ന റിപ്പോർട്ടിങ്ങിൽ കരുവന്നൂരിൽ പാർട്ടി നേരിടുന്ന പ്രതിസന്ധിയും സ്വീകരിച്ച നടപടികളും വിശദീകരിച്ചു. കരുവന്നൂർ തട്ടിപ്പിൽ ഉന്നത നേതാക്കളുടെ പങ്ക് പുറത്തുവന്നതിനുശേഷം ഉള്ള ആദ്യ റിപ്പോർട്ടിംഗ് ആണിത്.