പിസിസി അധ്യക്ഷൻ കെ സുധാകരന്റെ ‘പട്ടി’ പരാമർശത്തിൽ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി.
സുധാരകന്റെ പരമാർശം കൂടിപ്പോയെന്നാണ് ലീഗ് വിലയിരുത്തൽ. സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീറിന്റെ പരാമർഷത്തോട് പ്രതികരിക്കുമ്പോഴാണ് കെ സുധാകരന്റെ ‘പട്ടി’ പരാമർശം.വരുന്ന ജന്മം പട്ടിയാണെങ്കിൽ ഇപ്പോഴേ കുരയ്ക്കണോ എന്നായിരുന്നു കെ സുധാകരന്റെ ചോദ്യം. സിപിഐഎമ്മിന് ഒപ്പം വേദി പങ്കിടരുതെന്ന് യുഡിഎഫിൽ തീരുമാനിച്ചിട്ടില്ലെന്നും ലീഗ് പ്രതികരിച്ചു.
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു.
പലസ്തീൻ വിഷയത്തിൽ ആരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ നിലപാട്. എന്നാൽ സിപിഐഎം പരിപാടിയിലേക്ക് പോകാൻ ലീഗ് താത്പര്യം പ്രകടിപ്പിച്ചത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ്.
സിപിഐഎമ്മിന്റെ പലസ്തീൻ അനുകൂല റാലിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലീം ലീഗ് ഇന്ന് രാഗത്തുവന്നിട്ടുണ്ട്. വിഷയം പാർട്ടി ചർച്ച ചെയ്യുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കണോയെന്ന് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം ട്വന്റഫോറിനോട് പറഞ്ഞു.