കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങി ,ആദ്യദിനം ആറായിരത്തിലധികം യാത്രക്കാർ

0
58


കൊച്ചി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിയ കൊച്ചി മെട്രോ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങിയപ്പോൾ ആദ്യദിനം മെട്രോയെ ആശ്രയിച്ചത്  ആറായിരത്തിലധികം യാത്രക്കാർ. കൃത്യമായ കോവിഡ്പ്രോട്ടോക്കോൾ പാലിച്ചാണ് മെട്രോ സർവീസ് പുനരാരംഭിച്ചത്. 
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കോൺടാക്ട്‌ലെസ് ടിക്കറ്റ് സംവിധാനമാണ് നിലവിൽ മെട്രോ ഉപയോഗിക്കുന്നത്. യാത്രയ്ക്ക് കൊച്ചി മെട്രോ വൺ കാർഡ്, കൊച്ചി വൺ ആപ്പ് എന്നീ സൗകര്യങ്ങളാണ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്. ലോക്ഡൗണിനു ശേഷമുള്ള ആദ്യ ദിനം തന്നെ  യാത്രയ്ക്ക് കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവരുടെ ശതമാനം വർദ്ധിച്ചിട്ടുണ്ട്. കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കൊച്ചി വൺ ആപ്പിന്റെ ഉപയോഗം യാത്രക്കാർക്ക് സമ്പർക്കമില്ലാത്ത യാത്രയ്ക്ക് സൗകര്യമൊരുക്കി. ഇതുപയോഗിച്ച് യാത്രക്കാർക്ക് രണ്ട് ക്ലിക്കുകൾക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിച്ചു.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ട്രെയിനിനും സ്റ്റേഷനുകൾക്കുമിടയിൽ ക്രമരഹിതമായി പരിശോധന കൃത്യമായി സ്റ്റാഫിനെ നിയോഗിച്ചിരുന്നു. യാത്രക്കാർ എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് കൊച്ചി മെട്രോ അധികൃതർ പറഞ്ഞു. ലോക്ക്ഡൗൺ കാരണം മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച സമയത്ത് ഉപയോഗിക്കാത്ത യാത്രകൾ കാലഹരണപ്പെട്ടതിനാൽ ട്രിപ്പ് പാസ് ഉടമകൾക്ക് റീഫണ്ട് ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. 
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് നിലവിൽ മെട്രോ സർവീസ് ആരംഭിച്ചിരിക്കുന്നത്. തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമാണ്  സർവീസ്. യാത്രക്കാര്‍ക്ക് സാനിറ്റൈസറും പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും സജ്ജമാക്കി സുരക്ഷ ഉറപ്പാക്കുകയാണ് മെട്രോ വീണ്ടും സർവീസ് ആരംഭിച്ചിരിക്കുന്നത്. സ്റ്റേഷനുകളിൽ ശരീരതാപനിലയും പരിശോധിക്കും.