കോട്ടയത്ത് അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചനിലയില്‍

0
43

കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍. പനച്ചിക്കാട് സ്വദേശി ബിജുവിനെയാണ് വാകത്താനം പള്ളിയ്ക്ക് സമീപത്തെ പാലത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 2022ല്‍ അമ്മ സതിയെ കൊലപ്പെടുത്തിയ കേസില്‍ അടുത്തിടെയാണ് ബിജു ജാമ്യത്തില്‍ ഇറങ്ങിയത്.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ബിജു ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഓടിക്കുന്ന ഓട്ടോയില്‍ ഒരു കയര്‍ ചുറ്റിയ ശേഷം അതില്‍ നിന്ന് ഒരു കുരുക്ക് കഴുത്തിലിട്ട് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ബിജുവിന്റെ അമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണമെന്നാണ് ആദ്യം കരുതിയിരുന്നത്. സംസ്‌കാര ചടങ്ങിനിടെ ബന്ധുക്കള്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് പൊലീസ് മൃതദേഹം വിശദമായി പരിശോധിച്ചപ്പോള്‍ മര്‍ദ്ദനമേറ്റാണ് സതി മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത ബിജു ദീര്‍ഘകാലം ജയിലിലായിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും ബിജു വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.