കോവിഡ് ദുരന്ത നിവാരണ കമ്മിഷന്‍ രൂപീകരിക്കണം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

0
64

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ദുരന്ത നിവാരണ കമ്മിഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡ് ദുരന്ത നിവാരണ കമ്മിഷന്‍ രൂപീകരിച്ച് എല്ലാ മേഖലകളിലും ഉണ്ടായിരിക്കുന്ന തളര്‍ച്ച പഠിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ എന്തുവേണമെങ്കിലും സംഭവിച്ചോട്ടെയെന്ന നിലപാടിലാണ് സര്‍ക്കാര്‍. സാധാരണക്കാര്‍ക്ക് ഒരു തരത്തിലുള്ള സഹായവും എത്തിക്കുന്നില്ല. ഇത് സങ്കടകരമായ അവസ്ഥയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

കേരളത്തിലെ കേവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സമീപനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍നിന്നും വ്യാപക എതിര്‍പ്പ് ഉയര്‍ന്നിരിക്കുകയാണ്. ടിപിആര്‍ കണക്കാക്കുന്ന രീതി, കണ്ടെയ്ന്‍മെന്റ് സോണുകള്‍, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിശ്ചയിക്കുന്ന രീതി എന്നിവയിലാണ് ആരോഗ്യ പ്രവര്‍ത്തകരുടെ എതിര്‍പ്പ്. അശാസ്ത്രീയമായ ഈ നിയന്ത്രണങ്ങളില്‍ ജനങ്ങളും പ്രതിഷേധത്തിലാണ്. കഴിഞ്ഞ തവണ വിവിധ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ബാങ്കുകളുടെ യോഗം പോലും സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിട്ടില്ല. കുടുംബശ്രീ വായ്പകള്‍ക്കു പോലും മൊറട്ടോറിയമില്ല. വട്ടിപ്പലിശക്കാരും ബ്ലേഡ് കമ്പനിക്കാരും സാധാരണക്കാരെ പീഡിപ്പിക്കുകയാണ്. സര്‍ക്കാര്‍ ഇത് കണ്ടില്ലെന്നു നടിച്ച് കണ്ണുംപൂട്ടിയിരിക്കുന്നു. ജനങ്ങള്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യയുടെ വക്കിലാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് കച്ചവടക്കാര്‍ നടത്തിയ പ്രതിഷേധം സാധാരണക്കാര്‍ കടക്കണെയില്‍പ്പെട്ടതിന്റെ പ്രതീകമാണ്. ഈ സാഹചര്യത്തില്‍ ബാങ്കുകളുടെ യോഗം വിളിച്ചുചേര്‍ത്ത് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.