തിരുവനന്തപുരം: തട്ടം വിവാദ പ്രസംഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ വിശദീകരണമാണ് തന്റെ നിലപാടെന്ന് കെ.അനില്‍ കുമാര്‍.
തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനംമൂലമാണെന്ന സിപിഎം സംസ്ഥാന സമിതി അംഗമായ അനില്‍ കുമാര്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പാര്‍ട്ടി നിലപാട് വിശദീകരിച്ചിരുന്നു.
വസ്ത്രധാരണത്തിലേക്ക് കടന്നു കയറേണ്ടതില്ലെന്നും അനില്‍ കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്നുമായിരുന്നു ഗോവിന്ദന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സെക്രട്ടറിയുടെ നിലപാട് തന്നെയാണ് തനിക്കെന്ന് വ്യക്തമാക്കി അനില്‍ കുമാര്‍ പ്രതികരിച്ചിരിക്കുന്നത്.
‘എസ്സന്‍സ് സമ്മേളനത്തില്‍ അവര്‍ ഉന്നയിച്ച ഒരുവിഷയത്തോട് ഞാന്‍ നടത്തിയ മറുപടിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നല്‍കിയ വിശദീകരണം എന്റെ നിലപാടാണ്്. കേവല യുക്തിവാദത്തിനെതിരെയും ഫാസിസ്റ്റ് – തീവ്രവാദ രാഷ്ട്രീയങ്ങള്‍ക്കെതിരെയും എല്ലാവരേയും അണിനിരത്തേണ്ട സമരത്തില്‍ ഒരുമിക്കാന്‍ പാര്‍ട്ടി നല്‍കിയ വിശദീകരണം വളരെ സഹായിക്കും. പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റു് കാരനെന്ന നിലയില്‍ ഞാന്‍ ഏറ്റെടുക്കുന്നു’ അനില്‍ കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.