ട്രെയിന്‍ തീവയ്പ് ജിഹാദി പ്രവര്‍ത്തനം; ഏക പ്രതി ഷാറൂഖ് സെയ്ഫി, എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

0
45

കൊച്ചി: കോഴിക്കോട് എലത്തൂരില്‍ ട്രെയിനിന് തീയിട്ടത് പ്രതി ഷാറൂഖ് സെയ്ഫി ഒറ്റയ്‌ക്കെന്ന് എന്‍ഐഎ. പ്രതി കേരളം തെരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയെന്നും കൊച്ചി കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

2023 ഏപ്രില്‍ മാസം രണ്ടാം തീയതി എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ബോഗിയില്‍ ഡല്‍ഹി സ്വദേശിയായ ഷാറൂഖ് സെയ്ഫി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നതാണ് കേസ്. ട്രെയിനിന് തീയിട്ടത് ഷാറൂഖ് സെയ്ഫി ഒറ്റയ്ക്കാണ്. ഷാറൂഖ് സെയ്ഫിയെ കൃത്യത്തിലേക്ക് നയിച്ചത് കടുത്ത തീവ്രവാദ ആശയങ്ങള്‍ തന്നെയാണെന്നാണ് എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നത്.

തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായി സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡല്‍ഹിയില്‍ നിന്ന് ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് പുറപ്പെട്ടത്. മാര്‍ച്ച് 30നാണ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. ഏപ്രില്‍ രണ്ടിന് ഷൊര്‍ണ്ണൂരില്‍ ഇറങ്ങിയ ഷാറൂഖ് സെയ്ഫി ഇവിടെ നിന്നാണ് ട്രെയിനിന് തീയിടാന്‍ ആവശ്യമായ പെട്രോളും ലൈറ്ററും വാങ്ങിയത്. തുടര്‍ന്ന് എക്‌സിക്യൂട്ടീവ് ട്രെയിനില്‍ കയറി ബോഗിക്ക് തീവച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

തനിക്ക് പരിചയമില്ലാത്ത, തന്നെ തിരിച്ചറിയാത്ത സ്ഥലം എന്ന നിലയിലാണ് ഷാറൂഖ് സെയ്ഫി കേരളം തെരഞ്ഞെടുത്തത്. കൃത്യം നടത്തിയ ശേഷം മടങ്ങിപ്പോകാനാണ് പ്രതി പദ്ധതിയിട്ടിരുന്നത്. സംഭവത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലേക്ക് രക്ഷപ്പെട്ട പ്രതിയെ അവിടെ വച്ചാണ് പിടികൂടിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കൃത്യം ചെയ്ത ശേഷം തിരിച്ച് ഡല്‍ഹിയിലേക്ക് തന്നെ മടങ്ങിപ്പോയി മുന്‍പ് ജീവിച്ചത് പോലെ തന്നെ ജീവിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എങ്കിലും ഒരു തീവ്രവാദ പ്രവര്‍ത്തനം നടത്തി എന്ന സന്തോഷം തനിക്ക് ലഭിക്കും എന്ന് കരുതിയാണ് ഇത് ചെയ്തതെന്നും പ്രതിയുടെ കുറ്റസമ്മതമൊഴിയില്‍ പറയുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.

ഓണ്‍ലൈന്‍ പേജുകള്‍ വഴിയാണ് ഇത്തരത്തില്‍ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായത്. കൂടാതെ തീവ്ര ഇസ്ലാമിക സ്വഭാവം പ്രകടിപ്പിക്കുന്ന ചില പ്രസംഗങ്ങളും പ്രതി പിന്തുടര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്ന പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഒരു വിഭാഗം ആളുകളുടെ പ്രസം​ഗങ്ങളിൽ വരെ പ്രതി ആകൃഷ്ടനായിട്ടുണ്ടെന്നും ഷാറൂഖ് സെയ്ഫിയുടെ  മൊബൈലും ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായും കുറ്റപത്രത്തില്‍ പറയുന്നു.