ഡോ.വന്ദനാദാസിന്റെ കൊലപാതകം; പൊലീസുകാർക്ക് വീഴ്ചയെന്ന് കണ്ടെത്തൽ

0
49

ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പോലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. രണ്ട് എ.എസ്.ഐമാർക്ക് എതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ നിശാന്തിനിയുടേതാണ് നടപടി. എ.എസ്.ഐമാരായ ബേബി മോഹൻ, മണിലാൽ എന്നിവർക്ക് എതിരേയാണ് നടപടി. ആക്രമണത്തിനിടെ പോലീസുകാർ സ്വയരക്ഷാർത്ഥം ഓടിപ്പോയെന്ന് ഡി.ഐ.ജിയുടെ കണ്ടെത്തൽ.

അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്താനോ വരുതിയിലാക്കാനോ നടപടി എടുത്തില്ല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം രക്ഷ നോക്കരുതെന്ന ചട്ടം ലംഘിച്ചെന്നും കണ്ടെത്തൽ. കൂടാതെ ഓടിപ്പോയത് പോലീസിന്റെ സത്‌പേരിന് കളങ്കമായെന്നും വിമർശനം. ഡോ.വന്ദനയ്ക്കെതിരായ ആക്രമണത്തിൽ പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന ആരോപണം തുടക്കം മുതലേയുണ്ടായിരുന്നു.

മേയ് 10ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ.വന്ദനാദാസിനെ പ്രതി ജി.സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്നു ഡോ.വന്ദന. ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. പൊലീസ് വൈദ്യപരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.