തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴക്കേസില്‍ അഖില്‍ സജീവനെയും ലെനിനെയും പ്രതി ചേര്‍ത്തു. കന്റോണ്‍മെന്റ് പൊലീസ് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇരുവരും പണം വാങ്ങിയതായി പൊലീസ് കണ്ടെത്തി. വഞ്ചനാക്കുറ്റം ആള്‍മാറാട്ടം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്
നിലവില്‍ ഈ കേസില്‍ ഇതുവരെ ആരയെും പ്രതിചേര്‍ത്തിരുന്നില്ല, കോഴിക്കോട് സ്വദേശിയായ ലെനിന്‍, പത്തനംതിട്ട സ്വദേശി അഖില്‍ സജീവ് എന്നിവരെ പ്രതി ചേര്‍ക്കാനാണ് തീരുമാനം. നിയമത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുവരുടെയും അക്കൗണ്ടില്‍ പണമെത്തിയതായി കന്റോണ്‍മെന്റ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടന്നാണ് പൊലിസിന്റെ നിഗമനം.
മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകളുടെ ഡോക്ടര്‍ നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം.പരാതിയില്‍ പൊലീസ് നേരത്തേ ഹരിദാസന്റെ മൊഴിയെടുത്തിരുന്നു.
അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് ഹരിദാസ് ആരോപിക്കുന്നത്. നിയമനത്തിനായി ഇവര്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ നിര്‍മ്മിച്ചാണ് സന്ദേശമയച്ചിരിക്കുന്നതെന്നും സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഓഫീസിനോ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനോ ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.