ബി ദ വാരിയർ’ പ്രചാരണത്തിനു തുടക്കം; 70,000 പേർ കാമ്പയിനിൽ പങ്കാളികളാകും

0
68


കോട്ടയം: ഒന്നര വർഷം പിന്നിട്ട കോവിഡ് പോരാട്ടത്തിന്റെ മുന്നണി പോരാളികൾക്ക് ആദരമർപ്പിച്ച് ‘ബി ദ വാരിയർ’ ബോധവത്കരണ കാമ്പയിന് ജില്ലയിൽ തുടക്കം.  കോവിഡിനെതിരായ പോരാട്ടത്തിൽ പോരാളിയായി ‘ബി ദ വാരിയർ’ പ്രചാരണത്തിൽ പങ്കാളിയായ ചിത്രം പ്രദർശിപ്പിച്ച് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. 

തോമസ് ചാഴികാടൻ എം.പി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് എന്നിവർ പങ്കെടുത്തു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജും ജില്ലയിലെ എം.എൽ.എ.മാരും ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പ്രചാരണത്തിൽ പങ്കാളിയായി. കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുക, അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. സെപ്റ്റംബർ 14 മുതൽ 20 വരെയാണ് പ്രചാരണം. സംസ്ഥാനതലത്തിൽ നടത്തുന്ന ‘ബി ദ വാരിയർ’ കാമ്പയിന്റെ ഭാഗമായി നടത്തുന്ന ജില്ലയിലെ പ്രചാരണ പരിപാടിയിൽ 70,000 പേർ പങ്കാളികളാകും.