ജാതിയുടെയും മതത്തിന്റെയും പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് നടന്‍ വിജയ്. മെര്‍സല്‍ എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ വിജയ്ക്കെതിരെ ചില സംഘടനകള്‍ വര്‍ഗീയ പ്രചാരണം നടത്തിയിരുന്നു.
അതിനുള്ള പ്രത്യക്ഷ മറുപടി നല്‍കിയിരിക്കുകയാണ് വിജയ് യുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖര്‍. സായം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് അദ്ദേഹം പ്രതികരിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജാതി എങ്ങനെ പ്രചരിപ്പിക്കുന്നു എന്ന് ചര്‍ച്ച ചെയ്യുന്ന സിനിമയാണ് സായം.
‘എന്റെ മകന്‍ വിജയ് യെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ജാതിയോ മതമോ ചേര്‍ത്തിരുന്നില്ല. പകരം ആ കോളത്തില്‍ തമിഴന്‍ എന്നാണ് ചേര്‍ത്തത്. ആദ്യം സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചിരുന്നില്ല. പിന്നീട് സ്‌കൂളിന് മുന്നില്‍ സമരം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് അവര്‍ സമ്മതിച്ചത്. അന്നു മുതലുള്ള വിജയിയുടെ എല്ലാ സര്‍ട്ടിഫിക്കറ്റിലും ജാതിയുടെ സ്ഥാനത്ത് തമിഴന്‍ എന്നാണ്. എന്നെപ്പോലെ നിങ്ങളും മനസ് വച്ചാല്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി പരാമര്‍ശിക്കുന്നത് ഒഴിവാക്കാം. അങ്ങനെ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ജാതി ഇല്ലാതാക്കാം’.
‘തന്റെ സിനിമയില്‍ അഭിനയിച്ച അബി ശരവണന്‍ ഇപ്പോള്‍ പേര് മാറ്റി വിജയ് വിശ്വ ആയിരിക്കുന്നു. അമിതാഭ് ബച്ചന്‍ അഭിനയിച്ച സിനിമയിലടക്കം ബോളിവുഡ് തിരക്കഥാകൃത്തുക്കളായ സലിമും ജാവേദും അവരുടെ നായകന്മാരുടെ പേര് വിജയ് എന്ന് ഉപയോഗിച്ചിട്ടുണ്ട്. തന്റെ സിനിമകളിലും വിജയ് എന്ന പേരില്‍ കഥാപാത്രങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് മകന് വിജയ് എന്ന പേരിട്ടതെന്നും’ എസ് എ ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.