മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകരെന്ന് ആത്മഹത്യാ കുറിപ്പ്; മൂവാറ്റുപുഴ പൊലീസുകാരൻ വീടിനുള്ളില്‍ തൂങ്ങിമരിച്ചു

0
48

കൊച്ചി: സഹപ്രവര്‍ത്തകര്‍ക്കെതിരെ കുറിപ്പെഴുതി വെച്ച് പൊലീസുകാരന്‍ ജീവനൊടുക്കി. കളമശ്ശേരി എംആര്‍ ക്യാമ്പിലെ ഡ്രൈവര്‍ മൂവാറ്റുപുഴ സ്വദേശി ജോബി ദാസ് (48) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ജോബി ദാസിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. കൂടെ ജോലി ചെയ്തവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാക്കുറിപ്പില്‍ ജോബി ഉന്നയിച്ചിട്ടുള്ളത്. തന്റെ ശമ്പള വര്‍ധനക്കെതിരെ ഗൂഢാലോചന നടന്നുവെന്നും ആരോപിക്കുന്നു. 

കുറച്ചു നാളുകളായി താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കത്തില്‍ സൂചിപ്പിക്കുന്നു. തനിക്കെതിരെ പ്രവര്‍ത്തിച്ചവരുടെ പേര് അടക്കമുള്ള വിവരങ്ങളും കത്തില്‍ ഉള്ളതായാണ് സൂചന. മരണശേഷം തന്റെ മൃതദേഹം ഇവരെ കാണാന്‍ അനുവദിക്കരുതെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

‘എന്റെ ഇന്‍ക്രിമെന്റ് ഇവര്‍ മനപ്പൂര്‍വം കളഞ്ഞിട്ടുള്ളതാണ്. വലിയ കൊള്ളക്കാരും പിടിച്ചുപറിക്കാരുടെയൊന്നും ഒരൊറ്റ ഇന്‍ക്രിമെന്റും പോയിട്ടില്ല. മദ്യപിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ അല്ല എന്റെ ഇന്‍ക്രിമെന്റ് കളഞ്ഞത്’. ഇനി ജീവിക്കണമെന്നില്ലെന്നും കത്തില്‍ പറയുന്നു.

അമ്മയെ നല്ലപോലെ നോക്കണമെന്നും, നന്നായി പഠിക്കണമെന്നും, പൊലീസില്‍ അല്ലാതെ ഏതെങ്കിലും നല്ല ജോലി നേടിയെടുക്കണമെന്നും കത്തില്‍ മക്കളോട് ആവശ്യപ്പെടുന്നുണ്ട്.