സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക്

0
431

സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് അടുക്കുകയാണ്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും(2,28,18,901) 31.52 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (90,51,085) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം (3,18,69,986) ഡോസ് വാക്‌സിന്‍ നല്‍കാനായി. ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനായി മതിയായ വാക്‌സിന്‍ ലഭ്യമാക്കേണ്ടതാണ്. വാക്‌സിന്‍ എടുത്തിട്ടില്ലാത്ത കോളേജ് വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പടേണ്ടതാണ്.ഇനിയും വാക്‌സിനെടുക്കാന്‍ വിമുഖത കാട്ടുന്നവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. കോവിഡ് 19 വാക്‌സിനുകള്‍ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ ഒരു ഡോസ് കോവിഡ് വാക്‌സിനെടുത്ത 6 ശതമാനം പേരും രണ്ട് ഡോസും എടുത്ത 3.6 ശതമാനം പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട് 2,59,210 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്. ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്‌സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതാണ്.