സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

0
251

കൊച്ചി: സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷപ്രചാരണം നടത്തിയെന്ന പരാതിയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി പൊലീസ് കേസെടുത്തു. സൈബർ സെൽ എസ്ഐയുടെ പരാതിയിലാണ് കേസെടുത്തത്. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഐപിസി 153 ( വിദ്വേഷം പ്രചരിപ്പിക്കുക), ഐപിസി 153 എ ( രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വര്‍ധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

സ്‌ഫോടനത്തിന് പിന്നാലെ ഇട്ട ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഹമാസിനെ അടക്കം ബന്ധപ്പെടുത്തിയിരുന്നു.  കേരളത്തിലെ ഇടതുമുന്നണിയും കോണ്‍ഗ്രസും നടത്തുന്ന വര്‍ഗീയ പ്രീണനം കൊണ്ടാണ് ജനങ്ങള്‍ക്ക് ഇത്തരത്തില്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടിരുന്നു.