2000 രൂപ നോട്ട് ഇനിയും കൈയിൽ സൂക്ഷിച്ചിട്ടുണ്ടോ? ഇന്ന് തന്നെ മാറ്റണം; സമയപരിധി അവസാനിക്കും

0
37

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നു വരെയുള്ള കണക്കനുസരിച്ച് 2000 രൂപ നോട്ടുകളിൽ 93% വും തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്. 2023 സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്. അതേസമയം, നോട്ടിന്റെ നിയമപ്രാബല്യം തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

500, ആയിരം രൂപ നോട്ടുകൾ നിരോധിച്ചതിന് പിന്നാലെ 2016ലാണ് റിസർവ്ബാങ്ക് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. എന്നാൽ, 2018 -19 സാമ്പത്തിക വർഷത്തോടെ നോട്ടിന്റെ അച്ചടി നിർത്തിവച്ചിരുന്നു. ഈ വർഷം മെയ് 19നാണ് 2000 രൂപയുടെ കറൻസി പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. മെയ് 23 മുതൽ കറൻസി മാറ്റിയെടുക്കാൻ അവസരമൊരുക്കിയിരുന്നു. സെപ്റ്റംബർ 30നകം കൈവശമുള്ള 2000 രൂപ നോട്ടുകൾ മുഴുവനായി മടക്കി നൽകണമെന്നതാണ് റിസർവ് ബാങ്കിന്റെ അഭ്യർഥന. ഈ സമയപരിധി നീട്ടുമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.

നോട്ട് നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും എല്ലാ ബാങ്കുകളും അവരുടെ ശാഖകൾ വഴി പൊതുജനങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകൾ വരെ മാറ്റിയെടുക്കാനുള്ള സംവിധാനമാണ് ബാങ്കുകളിലുള്ളത്. അതായത് ഒരേ സമയം പത്ത് നോട്ടുകൾ മാറ്റിയെടുക്കാനാകും. അക്കൗണ്ടില്ലാത്ത ബാങ്കുകളിലും നോട്ട് മാറിയെടുക്കാനാകും