കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും ഇനി സ്പാർക്ക് വഴി

0
62

തിരുവനന്തപുരം; സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെഎസ്ആർടിസി സമ്പൂർണ്ണ കമ്പ്യൂട്ടർ വൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം സ്പാർക്ക് വഴി വിതരണം ആരംഭിച്ചു. ഏപ്രിൽ മാസം മുതൽ പരീക്ഷണടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതിയുടെ വിജയത്തെ തുടർന്ന് ജൂൺമാസത്തെ ശമ്പളം പൂർണ്ണമായും സ്പാർക്ക് വഴി നൽകി തുടങ്ങി. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു. സ്പാർക്ക് നടപ്പിലാക്കുന്ന ആദ്യ പൊതുമേഖല സ്ഥാപനം കൂടിയാണ് കെഎസ്ആർടിസി.

കെഎസ്ആർടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനാണ് ശ്രമം ഇതിന് വേണ്ടിയാണ് ജി സ്പാർക്ക് നടപ്പിലാക്കുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ലോകം മുഴുവൻ ശാസ്ത്ര സാങ്കേതിക രംഗത്ത് മുന്നേറുന്ന സമയത്താണ് കെഎസ്ആർടിസിയും അതിനോടൊപ്പം ചുവട് മാറ്റുന്നത്. കെഎസ്ആർടിസി വെല്ലുവിളിയിലൂടെയാണ് കടന്ന് പോകുന്നത്. ഈ വെല്ലുവിളികളെല്ലാം മറികടന്ന് തന്നെ മുന്നോട്ട് പോകും. പ്രതിസന്ധി ഘട്ടത്തിലും സംസ്ഥാന സർക്കാർ കെഎസ്ആർടിസി ജീവനക്കാരോടൊപ്പം നിൽക്കുമ്പോൾ ജീവനക്കാർ കൂടുതൽ പ്രതിബദ്ധത കാണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കെഎസ്ആർടിസിയിലെ ധനകാര്യ മാനേജ്മെന്റ് ശക്തമാക്കുകാണ് സർക്കാർ നയം അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസിയിലെ ധനകാര്യ മാനേജ്മെന്റും, ഇൻവെന്ററി മാനേജ്മെന്റിനെക്കുറിച്ചും വലിയ ആക്ഷേപങ്ങളാണ് കേട്ടിരുന്നത്. അതിനുള്ള പരിഹാരം കാണുന്നതിനുള്ള നടപടികളാണ് വേഗത്തിൽ എടുക്കുക. ചുരുങ്ങിയ കാലം കൊണ്ട് ധനകാര്യ മാനേജ്മെന്റ് കമ്പ്യൂട്ടർവത്കരിക്കും. അത് വഴി സാമ്പത്തിക ചോർച്ച തടഞ്ഞേ മതിയാകൂ, ദിവസേന കോടിക്കണക്കിന് രൂപയുടെ വരവ് ചിലവ് നടക്കുന്ന സ്ഥാപനത്തിൽ ഇത്തരത്തിൽ മാന്യുവൽ ആയുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരാനാകില്ല. 100 കോടി രൂപയെ സംബന്ധിച്ചുള്ള വിവാദത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. ഈ സമയത്താണ് ധനകാര്യ മാനേജ്മെന്റ് ശക്തമാക്കേണ്ട ആവശ്യഗതയുള്ളതെന്നും മന്ത്രി പറഞ്ഞു. ഇൻവെന്ററി മാനേജ്മെന്റ് തലത്തിലും ഇആർപി ( എന്റർപ്രസൈസ് റിസോഴ്സ് പ്ലാനിംഗ്) സിസ്റ്റം സമയബന്ധിതമായി നടപ്പിലാക്കും. കെഎസ്ആർടിസിക്ക് വേണ്ട് സ്പെയർ പാർട്സുകൾ, ടയറുകൾ മറ്റ് റോ മെറ്റീരിയലുകൾ തുടങ്ങിയവ വാങ്ങുന്നതും, അത് ഡിപ്പോ ജീവനക്കാർ വഴി വാഹനങ്ങളിൽ ഘടിപ്പിക്കുന്നതും സ്റ്റോക്ക് ചെയ്യപ്പെടുന്നതുമൊക്കെ ഡിപ്പോ, സോണൽ ഓഫീസ്, ഹെഡ് ഓഫീസ് എന്നിവടങ്ങിൽ വേഗത്തിൽ അറിയാനുള്ള ഏകജാലകവും സുതാര്യവുമായ സംവിധാനങ്ങൾ വഴി ആകണം. എങ്കിലെ ജീവനക്കാരുടെ ജോലി ഭാരം കുറച്ച് കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിയുകയൂള്ളൂവെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം , ആരെയും പിരിച്ച് വിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. പത്ത് വർഷമായി മുടങ്ങിക്കിടന്ന ശമ്പള പരിഷ്കരണ ചർച്ച വേഗത്തിൽ പൂർത്തിയാക്കി കരാർ ഒപ്പുവെയ്ക്കാനാണ് തീരുമാനം. ഒരു കാര്യത്തിലും തടസങ്ങൾ ഉണ്ടാകില്ലെന്നും കോഴിക്കോട് ബസ് ടെർമിനലിലെ ഷോപ്പിംഗ് കോപ്ലക്സിന്റെ പ്രവർത്തനം തടസങ്ങൾ എല്ലാം നീക്കി ഉടൻ ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു.

കെഎസ്ആർടിസിയുടെ വികസനം കാര്യക്ഷമമായി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സിഎംഡി ബിജുപ്രഭാകർ ഐഎഎസ് പറഞ്ഞു. ബസ് ചാർജ് കൂട്ടി വരുമാനം കണ്ടെത്തുക എന്നത് ഇനി പ്രയാസമാണ്. അതിനാൽ ബസ് ചാർജ് കുറച്ച് വരുമാനം കൂട്ടുന്ന പദ്ധതികളാണ് കെഎസ്ആർടിസി നടപ്പിലാക്കുക. നഷ്ടം കുറയ്ക്കുകയും ജീവനക്കാരുടെ സംതൃപ്തിയും യാത്രക്കാരുടെ സുരക്ഷയ്ക്കുമാണ് പ്രധാന്യം നൽകുകയെന്നും സിഎംഡി അറിയിച്ചു.

ചടങ്ങിൽ സുൽത്താൻ ബത്തേരിയിലെ ജീവനക്കാരൻ ജിനു ബാനർജിക്ക് മന്ത്രി സ്പാർക്ക് ഡേറ്റ് ഷീറ്റും, തിരുവനന്തപുരം സെൻട്രലിലെ ജീവനക്കാരൻ ആർ. റെജികുമാറിന് സിഎംഡി പേ സ്ലിപ്പും നൽകി.

എക്സിക്യൂട്ടൂവ് ഡയറക്ടർ ( അഡ്മിനിസ്ട്രേഷൻ) മുഹമ്മദ് അൻസാരി സ്വാഗതം ആശംസിച്ച ചടങ്ങിൽ എഫ്എ ആൻഡ് സിഎഒ യുടെ ചുമതല വഹിക്കുന്ന ജനറൽ മാനേജർ ആനന്ദകുമാരി എസ് റിപ്പോർട്ട് അവതരിപ്പിച്ചു. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ സയന്റിസ്റ്റ് ജയകുമാർ ജി. സ്പാർക്ക് മാനേജർ ഗിരീഷ് പറക്കോട്, കെഎസ്ആർടിഎ സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ, റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് ആർ. ശശിധരൻ, കെഎസ്ടിഇഎസ് ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ് , എക്സിക്യൂട്ടീവ് ഡയറക്ടർ ( ഓപ്പറേഷൻ) ആർ. ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.