കൊച്ചി: സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്മക്കെതിരെ അവബോധം സൃഷ്ടിക്കാന്‍ റേഡിയോ പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എറണാകുളം ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോയായ റേഡിയോ കൊച്ചി 90 എഫ് എം സെന്റ് തെരേസാസ് കോളജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യമായി നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കെതിരെയുള്ള പ്രചാരണങ്ങളില്‍ റേഡിയോ എന്ന മാധ്യമത്തിന് വലിയ പങ്ക് വഹിക്കാനാകും. സ്ത്രീ ശാക്തീകരണം എന്ന സെന്റ് തെരേസാസ് കോളജ് സ്ഥാപക മദര്‍ തെരേസയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ റേഡിയോ ഉപകരിക്കട്ടെയെന്നും ഗവര്‍ണര്‍ ആശംസിച്ചു.
മേയര്‍ എം. അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി മുഖ്യ പ്രഭാഷണം നടത്തി. എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ്, സെന്റ് തെരേസാസ് കോളജ് മാനേജറും റേഡിയോ കൊച്ചി 90 എഫ് എം ഡയറക്ടറുമായ സിസ്റ്റര്‍ വിനീത, പ്രിന്‍സിപ്പല്‍ ഡോ. ലിസ്സി മാത്യു, ഇംഗ്ലിഷ് വിഭാഗം മേധാവിയും റേഡിയോ കൊച്ചി 90 എഫ്എം ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ലത നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പാണ് കമ്മ്യൂണിറ്റി റേഡിയോയുടെ നോളജ് പാര്‍ട്ണര്‍. തീരദേശ പരിപാലനവും അതിന്റെ പ്രാധാന്യവും, കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, കുട്ടികളുടെ സുരക്ഷ, ആരോഗ്യം, പോഷണം, ശുചിത്വം, ഊര്‍ജസംരക്ഷണം, ശാസ്ത്രം, സാങ്കേതികവിദ്യ, കല, സംസ്‌കാരം, നൈപുണ്യ വികസനം, കൃഷി തുടങ്ങിയ വിഷയങ്ങളാണ് റേഡിയോ കൊച്ചി എഫ്എം കൈകാര്യം ചെയ്യുക.