വ്യവസായമന്ത്രി പി രാജീവ് നടത്തുന്ന ‘മീറ്റ് ദി ഇന്‍വെസ്റ്റര്‍’ ആശയവിനിമയ പരിപാടിക്ക് തുടക്കമായി

0
121

വ്യവസായ സംരംഭകരുമായി വ്യവസായമന്ത്രി പി രാജീവ് നടത്തുന്ന ‘മീറ്റ് ദി ഇന്‍വെസ്റ്റര്‍’ ആശയവിനിമയ പരിപാടിക്ക് തുടക്കമായി.മൂന്ന് വ്യവസായ സംരംഭകരുമായി നടത്തിയ ആദ്യ ചര്‍ച്ചയില്‍ തന്നെ 760 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് ധാരണയായി. സിന്തൈറ്റ്, ധാത്രി, നിറ്റ ജെലാറ്റിന്‍ വ്യവസായ ഗ്രൂപ്പുകളാണ് നിക്ഷേപം വാഗ്ദാനം ചെയ്തത്.എറണാകുളം ജില്ലയിലെ പാങ്ങോട് 215 കോടിയുടെ അഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്റര്‍ പദ്ധതി അടുത്ത വര്‍ഷം ജൂണില്‍ പൂര്‍ത്തിയാക്കുമെന്ന് സിന്തൈറ്റ് ഗ്രൂപ്പ് അറിയിച്ചു. നിറ്റ ജലാറ്റിന്‍ ഗ്രൂപ്പ് 200 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. 45 കോടി രൂപ ഇമ്മ്യൂ ഫുഡ് പദ്ധതിക്കായി ആദ്യ ഘട്ടത്തിലും ആയുര്‍വേദ പ്രതിരോധ മരുന്നു നിര്‍മ്മാണത്തിനായി 300 കോടി രൂപ രണ്ടാം ഘട്ടത്തിലും നിക്ഷേപിക്കുമെന്ന് ധാത്രി ആയുര്‍വേദ ഗ്രൂപ്പും വ്യക്തമാക്കി.
സിന്തൈറ്റ് ഗ്രൂപ്പിന്റെ അഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്റര്‍ എറണാകുളം കടയിരുപ്പ് പാങ്ങോടുള്ള 32 ഏക്കര്‍ ഭൂമിയിലാണ് നിലവില്‍ വരിക. പദ്ധതിപ്രദേശം സ്വകാര്യ വ്യവസായ പാര്‍ക്കായി പ്രഖ്യാപിക്കുന്നതിനുള്ള അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കും. പാര്‍ക്കിലേക്കുള്ള റോഡ് സൗകര്യം മെച്ചപ്പെടുത്തും. ധാത്രി ആയുര്‍വേദ ഗ്രൂപ്പിന്റെ ആദ്യഘട്ട വികസന പദ്ധതിക്കായി 45 കോടി രൂപയാണ് ചെലവഴിക്കുക.
കെ എസ് ഐ ഡി സി പദ്ധതിയില്‍ സഹകരിക്കും. കിന്‍ഫ്രയുടെ പള്ളിപ്പുറം വ്യവസായ പാര്‍ക്കില്‍ സ്ഥലം അനുവദിക്കുന്നതിനും തീരുമാനിച്ചു. നിറ്റാ ജെലാറ്റിന്‍ 200 കോടിയുടെ നിക്ഷേപം നടത്തും. കാക്കനാടും കൊരട്ടിയിലുമുള്ള നിലവിലുള്ള പ്ളാന്റുകളുടെ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനാണിത്. കിന്‍ഫ്ര നേരത്തെ അനുവദിച്ച സ്ഥലം പൂര്‍ണമായി ഉപയോഗിക്കുന്നതിന് സാഹചര്യമൊരുക്കും. ഓരോ പദ്ധതിക്കും സര്‍ക്കാര്‍ തലത്തിലുള്ള ഏകോപനത്തിന് കെഎസ്ഐഡിസി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും.
മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടിയില്‍ 100 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപമുള്ള വ്യവസായ ഗ്രൂപ്പുകളുമായാണ് വ്യവസായ മന്ത്രി ആശയ വിനിമായം നടത്തുക. ഓരോ മാസവും ഇതിനായി വേദിയൊരുക്കും. നിലവിലുള്ള വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ നിക്ഷേപം ആകര്‍ഷിക്കാനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. വെവ്വേറെ നടത്തിയ കൂടിക്കാഴ്ചകളില്‍ വ്യവസായ മന്ത്രി പി രാജീവിനൊപ്പം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, ഡയറക്ടര്‍ എസ് ഹരികിഷോര്‍, കെ എസ് ഐ ഡി സി എം ഡി എം ജി രാജമാണിക്യം, കിന്‍ഫ്ര എം ഡി സന്തോഷ് കോശി തോമസ്, ധാത്രി സി.ഇ.ഒ എസ് സജികുമാര്‍, സിന്തൈറ്റ് ഗ്രൂപ്പ് എം ഡി വിജു ജേക്കബ്, നിറ്റാ ജെലാറ്റിന്‍ ഇന്ത്യ എം.ഡി സജീവ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.