കൊച്ചി:സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പറില്‍ വന്‍ ട്വിസ്റ്റ്. മരട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ജയപാലനാണ് 12 കോടി അടിച്ചത്.സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ നല്‍കിയതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഓട്ടോ ഡ്രൈവറായ ജയപാലന്‍ ഈ മാസം പത്തിനാണ് ടിക്കറ്റെടുത്തത്.
തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ 12 കോടിയുടെ ഭാഗ്യശാലിയാണെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. പനമരം സ്വദേശി സെയ്തലവിയാണ് തനിക്ക് ഓണം ബംപറിന്റെ സമ്മാന തുകയായ 12 കോടി രൂപ അടിച്ചതായി അറിയിച്ച് രംഗത്ത് വന്നത്. ഗള്‍ഫില്‍ പാചക തൊഴിലാളിയായി ജോലി ചെയ്തുവരികയാണ് സെയ്തലവി.
വാട്‌സ്ആപ്പ് വഴി സ്ഥിരമായി ലോട്ടറി എടുക്കാറുള്ള സെയ്തലവി തിരുവോണം ബംപറും വാട്സ്ആപ്പ് വഴിയാണ് എടുത്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്നെ ലോട്ടറി അടിച്ച വിവരം അറിഞ്ഞിരുന്നു. കോഴിക്കോട് സ്വദേശിയായ കൂട്ടുകാരനാണ് ലോട്ടറി ടിക്കറ്റ് അയച്ച് തന്നത്. പണം ഗൂഗിള്‍ പേയില്‍ അയക്കുകയായിരുന്നുവെന്ന് സെയ്തലവി പ്രതികരിച്ചു. 11ാം തീയതിയാണ് ടിക്കറ്റ് എടുത്തത്. ഇപ്പോള്‍ ടിക്കറ്റ് സുഹൃത്തിന്റെ കയ്യിലാണ്. ഉടന്‍ ഇത് വീട്ടുകാര്‍ക്ക് നല്‍കുമെന്നും സെയ്തലവി പറഞ്ഞു. 12 കോടി അടിച്ചതായി ഭര്‍ത്താവ് അറിയിച്ചതായി സെയ്തലവിയുടെ ഭാര്യയും പറഞ്ഞു.