കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയം തടസം കൂടാതെ പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കും; തോമസ് ചാഴികാടന്‍ എം.പി

0
134

കോട്ടയം:കടുത്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പി.നിലവിലുള്ള 504 വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതി എം.പി യുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട രക്ഷകര്‍ത്താക്കള്‍ക്ക് ഒപ്പം ഇന്ന് ജില്ലാ കളക്ടറുടെ ചേംബറില്‍ കൂടിയ യോഗത്തില്‍ എം.പി നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. 2015ല്‍ ജോസ്.കെ.മാണിയുടെ ശ്രമഫലമായി അനുവദിച്ച കടുത്തുരുത്തി കേന്ദ്രിയ വിദ്യാലയം വെള്ളൂര്‍ എച്ച്.എന്‍.എല്‍ കോമ്പൗണ്ടിലെ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഒന്ന് മുതല്‍ അഞ്ചു വരെയുള്ള ക്ലാസ്സുകളോടെ പ്രവര്‍ത്തനം ആരംഭിച്ച കേന്ദ്രീയ വിദ്യാലയത്തില്‍ നിലവില്‍ ഒന്ന് മുതല്‍ പത്തു വരെ ക്ലാസ്സുകളിലായി 504 വിദ്യാര്‍ഥികള്‍ പഠിച്ചു വരുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ മേല്‍ക്കൂര ആസ്ബസ്റ്റോസ് ഷീറ്റ് ആയതിനാല്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല .

ഇക്കാര്യത്തിന് പരിഹാരമുണ്ടാക്കുവാന്‍ കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന്റെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുമായി ഇന്ന് ചര്‍ച്ച ചെയ്തു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എം.പി ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കണമെന്ന് എം.പി ആവശ്യപ്പെട്ടെങ്കിലും എം.പി ഫണ്ടുമായി ബന്ധപ്പെട്ട നിബന്ധനകള്‍ അതിന് അനുവദിക്കുന്നില്ല എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
നിലവില്‍ കെട്ടിടങ്ങള്‍ കിന്‍ഫ്രയുടെ ഉടമസ്ഥതയില്‍ ആയതിനാല്‍ കെട്ടിടങ്ങളുടെ നവീകരണം കിന്‍ഫ്ര നടത്തണമെന്ന് യോഗത്തില്‍ ഓണ്‍ലൈന്‍ ആയി പങ്കെടുത്ത കിന്‍ഫ്ര ജനറല്‍ മാനേജരോടും, എച്ച്.എന്‍.എല്‍ സ്‌പെഷ്യല്‍ ഓഫീസറോടും എം.പി ആവശ്യപ്പെട്ടു.

2015ല്‍ ആരംഭിച്ച സ്‌കൂളില്‍ ഈ വര്‍ഷം പത്താം ക്ലാസ്സിലെ ആദ്യ ബാച്ച് പരീക്ഷ എഴുതി. 11ആം ക്ലാസ് ആരംഭിക്കുന്നതിന് കെട്ടിട സൗകര്യങ്ങളുടെ അപര്യാപ്തത മൂലം സി.ബി .എസ് .ഇ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രീയ വിദ്യാലയത്തിനായി അനുവദിച്ച 8 ഏക്കര്‍ ഭൂമി മണ്ണിട്ടു നിരപ്പാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാക്കി കൈമാറിയാല്‍ മാത്രമേ സ്‌കൂള്‍ കെട്ടിടം നിര്‍മാണം ആരംഭിക്കാന്‍ കഴിയൂ .കേന്ദ്രീയ വിദ്യാലയ അതോറിറ്റിയില്‍ നിന്നും 30.20 കോടി രൂപ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. അനുവദിച്ച സ്ഥലം നികത്താന്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം 2008 പ്രകാരം അനുവാദം നല്‍കേണ്ട സംസ്ഥാനതല നിരീക്ഷണ സമിതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനം എടുക്കണമെന്ന് എം .പി സമിതി ചെയര്‍മാനോട് രേഖാമൂലം ആവശ്യപെട്ടിരുന്നു.

എച്ച് .എന്‍ .എല്‍ കോമ്പൗണ്ടിലെ കെട്ടിടങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നതിനാല്‍ ഇതിന് ആവശ്യമായ തുക ലഭ്യമാക്കുവാന്‍ പി.റ്റി.എ യുടെ നേതൃത്വത്തില്‍ പരിശ്രമം നടത്തുമെന്ന് രക്ഷകര്‍ത്താക്കള്‍ യോഗത്തില്‍ അറിയിച്ചു .തോമസ് ചാഴികാടന്‍ എം.പി , ജില്ലാ കളക്ടര്‍ പി.കെ,.ജയശ്രീ, എന്നിവര്‍ നേരിട്ടും കിന്‍ഫ്രാ ജനറല്‍ മാനേജര്‍ സുനില്‍ ഗോപിനാഥ്, എച്ച് ,എന്‍,എല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പ്രസാദ് ബാലകൃഷ്ണന്‍ എന്നിവര്‍ ഓണ്‍ലൈന്‍ ആയും , കേന്ദ്രീയ വിദ്യാലയ രക്ഷാകര്‍ത്താ സമിതി പ്രതിനിധികള്‍ , ജില്ലാ പ്ലാനിംഗ് ഓഫീസര്‍ , ജില്ലാ ഫിനാന്‍സ് ഓഫീസര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു .