കോട്ടയം: ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെയുള്ള 17 കിലോമീറ്റര്‍ റെയില്‍വേ ലൈനിന്റെ പാത ഇരട്ടിപ്പു ജോലികള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാന്‍ തോമസ് ചാഴികാടന്‍ എം.പി യുടെ നേതൃത്വത്തില്‍ പാത ഇരട്ടിപ്പിക്കല്‍, മേല്‍പ്പാലങ്ങളുടെയും നിര്‍മ്മാണം സംബന്ധിച്ചും, ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സംബന്ധിച്ചും, റവന്യു, റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്.കാരിത്താസ്, മുളന്തുരുത്തി മേല്‍പ്പാലങ്ങളുടെ സമീപന പാതയുടെ നിര്‍മാണത്തിന്, റീടെന്‍ഡര്‍ വിളിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ച സാഹചര്യത്തില്‍, 2018ലെ അംഗീകൃത നിരക്കില്‍ പുതുക്കിയ ഭരണാനുമതിക്കു വേണ്ടിയുള്ള പ്രൊപ്പോസല്‍ ഗവണ്‍മെന്റിന് സമര്‍പ്പിച്ചു കഴിഞ്ഞു. പുതുക്കിയ ഭരണാനുമതി ലഭിച്ചാല്‍ ഉടനെ തന്നെ രണ്ടു മേല്‍പ്പാലങ്ങളുടെയും ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ് .
പൂവന്തുരുത്ത് മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുവാന്‍ ആരംഭിച്ചു കഴിഞ്ഞു. ഈ പാലവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍. നാഗമ്പടം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്തെ ഭൂമി ഏറ്റെടുക്കല്‍, നാഗമ്പടം സ്റ്റേഡിയത്തിനു സമീപമുള്ള അംഗനവാടി കെട്ടിടം ഒഴിപ്പിച്ച് റെയില്‍വേയെ ഏല്‍പ്പിക്കുന്ന നടപടികള്‍, കോട്ടയം മുട്ടമ്പലം പി ആന്‍ഡ് ടി ക്വാര്‍ട്ടേഴ്‌സ് മേല്‍പ്പാലം, മുട്ടമ്പലം അടിപ്പാത, റെയില്‍വേ പുറമ്പോക്കില്‍ സ്ഥിതി ചെയ്യുന്ന കാളിയമ്മന്‍ ക്ഷേത്രം എന്നിവയുടെ കാര്യത്തില്‍, റവന്യു, റെയില്‍വേ വകുപ്പുകള്‍ ഉടന്‍ നടപടി സ്വീകരിച്ച് പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്ക് സൗകര്യം ഒരുക്കും. റബ്ബര്‍ബോര്‍ഡിന്റെ സമീപത്തെ മേല്‍പ്പാലം ഒക്ടോബര്‍ രണ്ടിനും, മാഞ്ഞൂര്‍ മേല്‍പ്പാലം ഡിസംബര്‍ 31നും മുന്‍പായി ഗതാഗതത്തിന് തുറന്നു കൊടുക്കും .കുറുപ്പന്തറ മേല്‍പ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കലിനു വേണ്ടി ആകെയുള്ള 54 വസ്തുക്കളില്‍ 52ന്റെയും വില നിശ്ചയിച്ചു കഴിഞ്ഞു . ബാക്കിയുള്ള രണ്ടെണ്ണത്തിന്റെ കാര്യത്തില്‍ പൊതുമരാമത്തു വകുപ്പ് കെട്ടിട വിഭാഗം അടിയന്തിരമായി തീരുമാനം എടുക്കും.
മുളന്തുരുത്തി കുരിക്കാട് മേല്‍പ്പാലത്തിന്റെ 36.8 കോടി രൂപയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ട്. കൂടാതെ, GAD റെയില്‍വേ എഞ്ചിനീയറിംഗ് വിഭാഗം ഉടന്‍ അംഗീകരിക്കും. അതിനു ശേഷം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ റവന്യു വകുപ്പ് ആരംഭിക്കും. കടുത്തുരുത്തി മേല്‍പ്പാലത്തിന്റെ GAD ഉടന്‍ അംഗീകരിക്കും. അതിനു ശേഷം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ റവന്യു വകുപ്പ് ആരംഭിക്കും.തോമസ് ചാഴികാടന്‍ എം.പി യെ കൂടാതെ ജില്ലാ കളക്ടര്‍, പി.കെ .ജയശ്രീ, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) മുഹമ്മദ് ഷാഫി, റെയില്‍വേ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഉദാത്ത സുധാകര്‍, റെയില്‍വേ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ബാബു സഖറിയ, ജോസ് അഗസ്റ്റിന്‍, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിത മാത്യു, ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ ഐസക് വര്‍ഗീസ്, തഹസില്‍ദാര്‍മാരായ ലിറ്റിമോള്‍ തോമസ് . സി.ജെ.സന്ധ്യാ ദേവി, റോസ്‌ന ഹൈദ്രോസ്, പി.പുഷ്പലത, വാല്യൂവേഷന്‍ അസിസ്റ്റന്റ്മാരായ മിനി കെ.ബി, ബെന്നി .എം ,ജെറോം ഡെപ്യൂട്ടി തഹസില്‍ദാര്‍ സുഭാഷ് കുമാര്‍ ടി.കെ, കോട്ടയം മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ ജീവന്‍.പി , കോട്ടയം മുനിസിപ്പാലിറ്റി സൂപ്രണ്ട് ശ്യാം ഇ .കെ, അസിസ്റ്റന്റ് എഞ്ചിനീയര്‍ (കെ.എസ്.ഇ.ബി) വിജി പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു .