കേരളത്തിലെ സമസ്ത കലാകാരന്മാരേയും അവരുടെ കലാ പ്രവർത്തനങ്ങളും പരിപോഷിപ്പിക്കാൻ സാംസ്കാരിക വകുപ്പ് മുഴുവൻ സമയ വിനോദ ടെലിവിഷൻ ചാനൽ ആരംഭിക്കുമെന്ന് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴയിൽ ഭീമാ സ്മാരക ബാലസാഹിത്യ അവാർഡ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഒട്ടേറെ കലാകാരന്മാരുടെ ജീവിതം ദുരിതത്തിലാണ് അവരെ പരമാവധി സഹായിക്കാൻ ശ്രമിക്കും. അവശരായ അനാഥരായ കലാകാരന്മാരെ പുനരധിവസിപ്പിക്കാൻ പദ്ധതി അടിയന്തിരമായി ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവാർഡ് കമ്മറ്റി ചെയർമാൻ കെ.ജയകുമാർ ഐ.എ. എസ് അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ മുഖ്യപ്രഭാഷണം നടത്തി. രാജീവ് ആലുങ്കൽ പുസ്തക പരിചയം നടത്തി. എ.എ.ഷുക്കൂർ, പി. വെങ്കിട്ടരാമയ്യർ, രവി പാലത്തിങ്കൽ, അവാർഡ് ജേതാവ് കെ.ആർ. വിശ്വനാഥൻ, എ.എൻ.പുരം ശിവകുമാർ എന്നിവർ പ്രസംഗിച്ചു.