കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജമെന്ന് വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ഇന്നും മോന്‍സണിന്റെ വീട്ടില്‍ തുടരും. കേന്ദ്ര വനം -വകുപ്പ് ഉദ്യോഗസ്ഥരും കസ്റ്റംസുമാണ് മോന്‍സണിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തുക.
ഇതിനിടെ പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ നിരവധി പേരെ പറ്റിച്ച മോന്‍സണ്‍ മാവുങ്കലിനെതിരെ വ്യവയാസി എന്‍. കെ കുര്യന്‍ രംഗത്ത് വന്നു. മോന്‍സണ്‍ തന്നെ കബളിപ്പിക്കാന്‍ ശ്രമിച്ചതായി വ്യവസായി എന്‍. കെ കുര്യന്‍ പറഞ്ഞു. 2012ലായിരുന്നു സംഭവമെന്നും എന്‍. കെ കുര്യന്‍ പറഞ്ഞു.
ഡോക്ടറാണെന്ന് പറഞ്ഞായിരുന്നു മോന്‍സണ്‍ പരിചയപ്പെട്ടത്. കോട്ടയത്തെ മാംഗോ മെഡോസ് പാര്‍ക്കില്‍ മുതല്‍ മുടക്കാന്‍ തയ്യാറാണെന്ന് മോന്‍സണ്‍ വാഗ്ദാനം ചെയ്തു. ഫണ്ട് ലഭ്യമാക്കാന്‍ തടസം ഉണ്ടായെന്ന് പിന്നീട് അറിയിച്ചു. തടസം നീക്കാന്‍ എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. സുഹൃത്ത് ഹാഷിം വഴിയാണ് മോന്‍സണ്‍ ബന്ധപ്പെട്ടതെന്നും പിന്നീട് 2019 ല്‍ വീണ്ടും മോന്‍സണ്‍ ഫോണില്‍ വിളിച്ചെന്നും എന്‍. കെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.