കഴുത്തില്‍ ആഴത്തിലും വീതിയിലുമേറ്റ മുറിവ്, ധമനികള്‍ മുറിഞ്ഞ് പെട്ടെന്ന് രക്തം വാര്‍ന്നു; നിഥിന മോളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

0
92

കഴുത്തില്‍ ആഴത്തിലും വീതിയിലുമേറ്റ മുറിവാണ് നിഥിന മോളുടെ മരണത്തിന് കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ധമനികള്‍ മുറിഞ്ഞ് പെട്ടെന്ന് രക്തം വാര്‍ന്നതാണ് മരണകാരണമായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കോട്ടയം മെഡിക്കല്‍ കോലേജില്‍ വെച്ചായിരുന്നു നിഥിനയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

ഇന്നലെയാണ് പാല സെന്റ് തോമസ് കോളേജില്‍ വെച്ച് സഹപാഠി നിഥിനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നിഥിനയുടെ മൃതദേഹം സ്വദേശമായ തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് മൃതദേഹം മാറ്റി. ഇവിടെയാണ് നിഥിനയുടെ മൃതദേഹം സംസ്‌കരിക്കുക.

സഹപാഠിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് നിഥിനയെ കോളേജ് ക്യാമ്പസില്‍ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്. നിഥിന പ്രണയത്തില്‍ നിന്നും അകലുന്നു എന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് അഭിഷേക് പൊലീസിന് മൊഴി നല്‍കിയത്. കൊലപാതകം ഉദ്ദേശിച്ചിരുന്നില്ലെന്നും, തന്റെ കൈ മുറിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുക മാത്രമാണ് വിചാരിച്ചിരുന്നതെന്നും അഭിഷേക് പറഞ്ഞു.