ഞെട്ടലില്‍ വിട്ടുമാറാതെ നാട്ടുകാരും സുഹൃത്തക്കളും; നിഥിനയുടെ മൃതദേഹം സംസ്‌കരിച്ചു

0
93

കോട്ടയം: പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠി കഴുത്തറുത്ത് കൊന്ന നിഥിന മോളുടെ മൃതദേഹം സംസ്‌കരിച്ചു. തുറവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് നിതിനയുടെ മൃതദേഹം സംസ്‌കരിച്ചത്. തലയോലപ്പറമ്പിലെ വീട്ടില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് മൃതദേഹം ബന്ധുവീട്ടിലെത്തിച്ചത്. നിതിനയുടെ അപ്രതീക്ഷിത മരണത്തിലുള്ള ഞെട്ടലില്‍ നിന്ന് നാട്ടുകാരും സുഹൃത്തക്കളും ഇപ്പോഴും മോചിതരായിട്ടില്ല.

അതിനിടെ പ്രതി അഭിഷേകിനെ കോളജ് കാമ്പസില്‍ എത്തിച്ച് തെളിവെടുത്തു. ഉച്ചയ്ക്ക് രണ്ടോടെയാണ് പ്രതിയുമായി പോലീസ് കാമ്പസില്‍ എത്തിയത്. കൊലപാതകം നടന്ന സ്ഥലത്തും നടത്തിയ രീതിയും പ്രതി പോലീസിന് മുന്നില്‍ വിശദീകരിച്ചു. ഭാവവ്യത്യാസങ്ങളൊന്നും ഇല്ലാതെ പെരുമാറിയ പ്രതി പോലീസുമായി സഹകരിച്ചു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കോളജില്‍ തെളിവെടുപ്പിന് എത്തിച്ചത്.

വന്‍ പോലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.25 ഓടെയാണ് സംഭവം നടന്നത്. തലയോലപ്പറന്പ് കളപ്പുരയ്ക്കല്‍ നിതിനമോള്‍ (22) ആണ് കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം കോഴിപ്പള്ളി ഉപ്പാണിപുത്തന്‍പുര അഭിഷേക് ബൈജുവാണ് (20) പോലീസ് പിടിയിലായത്.